നാലാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം പുകയുന്നു

ഗുവാഹത്തി: മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെന്ന സൂചനകൾക്ക് പിന്നാലെ കുക്കി സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാംഗ്‌പോക്പി ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്ന് സുരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നാഗാ വിഭാഗത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന 14 കുക്കി തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിനെ വീണ്ടും ആശങ്കയിലാഴ്ത്തി ഈ സംഭവം പുറത്തുവരുന്നത്.

കണ്ടെത്തിയ മൃതദേഹങ്ങളുടെ അവസ്ഥയെക്കുറിച്ച് വൈകീട്ട് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കെൻപിബൗ ചവാങ്, മനു തിയുമൈ, ഫെൻറോങ്വിബോ തിയുമൈ, ദിലീപ് തിയുമൈ, കലിവാങ്ബൗ അബോൺമൈ, സി.എച്ച് ഫെൻരിലുങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആദ്യത്തെ രണ്ടുപേർ പാസ്റ്റർമാരാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ യുണൈറ്റഡ് നാഗാ കൗൺസിൽ വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നാഗാ ജനവാസ മേഖലകളിൽ 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കുന്നത് വരെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നും യു.എൻ.സി വ്യക്തമാക്കി.

കുക്കി സായുധ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാർ റദ്ദാക്കുക, തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യുക, കുക്കി സംഘടനയായ കെ.എൻ.എഫ്-പിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുക എന്നിവയാണ് നാഗാ കൗൺസിലിന്റെ പ്രധാന ആവശ്യങ്ങൾ. പൊലീസും സി.ആർ.പി.എഫും അസം റൈഫിൾസും അടങ്ങുന്ന 450 അംഗ സംയുക്ത സംഘം നടത്തിയ 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മെയ് 13ന് തൗഡോ ബാപ്റ്റിസ്റ്റ് അസോസിയേഷനിലെ മൂന്ന് കുക്കി പാസ്റ്റർമാർ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തടവിലാക്കൽ പ്രതിസന്ധി ആരംഭിക്കുന്നത്. നാഗാ സായുധ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചിരുന്നു. ഇതിന് പ്രതികാരമായി നോണി ജില്ലയിൽ ഒരു നാഗാ സിവിലിയൻ വെടിയേറ്റ് മരിക്കുകയും കാംഗ്‌പോക്പിയിൽ നിന്ന് നിരവധി നാഗാ ഗ്രാമീണരെ കുക്കികൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനെത്തുടർന്ന് നാഗാ വിഭാഗം സേനാപതി ജില്ലയിൽ നിന്ന് കുക്കി ഗ്രാമീണരെയും തടവിലാക്കിയിരുന്നു.

മെയ് 15ന് ഇരുവിഭാഗവും 14 തടവുകാരെ വീതം പരസ്പരം കൈമാറിയിരുന്നു. എന്നാൽ കുക്കികളുടെ കസ്റ്റഡിയിലുള്ള തങ്ങളുടെ ആറ് പേരെ വിട്ടയക്കാതെ ബാക്കിയുള്ള കുക്കി തടവുകാരെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്നു നാഗാ ഗ്രൂപ്പുകൾ. തുടർന്നാണ് ഇപ്പോൾ ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും കുക്കി വിഭാഗത്തിൽ നിന്നുള്ള മണിപ്പൂർ ഉപമുഖ്യമന്ത്രി നെംച കിപ്‌ഗനും കൊലപാതകത്തെ ശക്തമായി അപലപിച്ചു. കുക്കി വിഭാഗത്തിന്റെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂരും കൊലപാതകത്തെ അപലപിക്കുകയും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Day after Kuki hostages’ release, 6 abducted Nagas found dead in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.