പുണെ: നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി. 17 വനിതകളാണ് എൻ.ഡി.എയിൽനിന്ന് ബിരുദം നേടിയത്. ഈ ബാച്ചിൽ മലയാളികളുടെ അഭിമാനമായി ആൻ റോസും ഉണ്ട്. എൻ.ഡി.എയുടെ 148-ാം ബാച്ചാണിത്. ആൻ റോസിന്‍റെ ഈ നേട്ടം ഏറെ പ്രത്യേകത നിറഞ്ഞതാണ്. നാവിക സേന കമാൻഡറായ എം.പി മാത്യുവിന്‍റെ മകളാണ് ആൻ റോസ്. അദ്ദേഹം വിരമിച്ചിട്ട് ഒരു മാസത്തിനുള്ളിലാണ് ആൻ ഈ നേട്ടം കരസ്ഥമാക്കിയത്.
എൻ.ഡി.എയിൽനിന്നുള്ള ആദ്യ വനിതാ ബാച്ചാണിത്. കൊച്ചിയിലെ നേവൽ ചിൽഡ്രൻ സ്കൂളിൽ വിദ്യാഭ്യാസം നേടിയ ആൻ സൈനിക ജീവിതത്തെ ഏറെ ഇഷ്ടത്തോടെയാണ് തെരഞ്ഞെടുത്തത്. 2021മുതലാണ് വനിതകൾക്ക് എൻ.ഡി.എ പ്രവേശന പരീക്ഷയിൽ അപേക്ഷിക്കാനും പ്രവേശനം നേടാനും അവസരം ലഭിച്ചത്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് ഇത് നടപ്പിലാക്കിയത്.
2022ൽ ആൻ പരീക്ഷ പാസായി. 148ാമത്തെ ബാച്ചിലാണ് അവസരം ലഭിച്ചത്. മൂന്ന് വർഷത്തെ കഠിന പരിശീലനത്തിനുശേഷം മേയ് 30ന് പുറത്തിറങ്ങി. മികച്ച റാങ്കിൽ പരിശീലനം പൂർത്തിയാക്കിയ ആൻ റോസ് സ്വന്തം ഇഷ്ടത്തിനാണ് ഇന്ത്യൻ സേനയുടെ ആർമി വിഭാഗം തെരഞ്ഞെടുത്തത്.
“ഏപ്രിൽ 30ന് ഞാൻ വിരമിച്ചു. മെയ് 30-ന് അവൾ എൻ.ഡി.എയിൽ നിന്ന് ഔദ്യോഗികമായി പുറത്തിറങ്ങി. അവൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ടായിരുന്നു. റാങ്കിലും മുൻപന്തിയിലായിരുന്നു. എങ്കിലും തന്റെ മനസ്സിൽ തീരുമാനിച്ചതുപോലെ അവൾ ആർമിയെ തെരഞ്ഞെടുത്തു. ഞാൻ നേവിയിൽ അഭിമാനത്തോടെ സേവനം ചെയ്തതുപോലെ അവളും തന്റെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ പോവുകയാണ് പിതാവെന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷമാണിത്” -കമാൻഡർ മാത്യു പറഞ്ഞു.
ഇന്ത്യൻ സായുധസേനയുടെ ചരിത്രത്തിൽ പുത്തൻ കാൽവയ്പ്പാണിത്. ധാരാളം പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകും. വനിതകളടക്കം 339 കേഡറ്റുകളാണ് ഈ ബാച്ചിൽ ഉള്ളത്. 148-ാമത്തെ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് പൂണെ ഖഡക്വാസ്ലയിലുള്ള എൻ.ഡി.എ കാമ്പസിൽ നടന്നു.
മിസോറം ഗവർണറും മുൻ കരസേന മേധാവിയുമായ ജനറൽ ഡോ.വിജയ് കുമാർ സിങ്ങായിരുന്നു പരേഡിന്‍റെ റിവ്യൂവിങ് ഓഫിസർ. ഇന്ത്യൻ സൈന്യത്തിലേക്ക് ഇതുവരെ 40,000ത്തോളം ഉദ്യോഗസ്ഥരെ നാഷനൽ ഡിഫൻസ് അക്കാദമി സംഭാവന ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.