യു.പിയിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം; മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്നത് ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളെന്ന് ആരോപിച്ച്

റായ്ബറേലി: ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആ​രോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കുട്ടം തല്ലിക്കൊന്നു. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഫത്തേപുർ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മർദിച്ച് അവശനാക്കിയ ആൾക്കൂട്ടം റെയിൽവേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതായി ​ക​ണ്ടെത്തിയതിനെ തുടർന്ന് ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒക്ടോബർ ഒന്നിനാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരിൽ ആൾക്കൂട്ടം തടഞ്ഞത്. തുടർന്ന്, ഇയാൾ വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു.

മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാഞ്ഞതോടെ ജനക്കൂട്ടം മർദനം തുടർന്നു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്. പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയിൽ ഹരിഓമിനെ റെയിൽവേ പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യു.പിയിൽ നിലനിൽക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് തിങ്കളാഴ്ച ഹരിയോമിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മർദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ലെന്നും അജയ് റായ് ആരോപിച്ചു.

യു.പിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

വിവാദമാ​യ​തോടെ, സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പിയും രംഗത്തെത്തി. ആദിത്യനാഥിന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് ബി.ജെ.പി വക്താവ് അവ്‌നിഷ് ത്യാഗി പറഞ്ഞു.

Tags:    
News Summary - Dalit youth lynched in Raebareli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.