ഒഡിഷയിൽ ദലിത് വിദ്യാർഥിനിയെ ആൺ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

ഭുവനേശ്വർ: ഒഡിഷയിൽ നിന്നും നിലക്കാതെ പെൺകുട്ടികളുടെ നിലവിളി. പുരി ജില്ലയിലെ ബാലിഹർചണ്ഡി ക്ഷേത്രത്തിന് സമീപം 19 വയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. നാലാമത്തെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ​

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം ക്ഷേത്രത്തിനു സമീപം ഇരിക്കവെ ഒരു കൂട്ടം യുവാക്കൾ അവരുടെ ഫോട്ടോകളും വിഡിയോകളും എടുക്കുകയും അവ ഡിലീറ്റ് ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ സംഘത്തിലെ രണ്ടുപേർ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തുവെന്ന് ബ്രഹ്മഗിരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പെൺകുട്ടിയുടെ എഫ്‌.ഐ.ആറിനെ ഉദ്ധരിച്ച് പുരി പൊലീസ് സൂപ്രണ്ട് പ്രതീക് സിങ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർ ആൺകുട്ടിയെ മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു.

സംഭവത്തിൽ മുതിർന്ന ബി.ജെ.ഡി നേതാവും മുൻ എം.എൽ.എയുമായ സഞ്ജയ് ദാസ് ബർമ ബി.ജെ.പി നയിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ രംഗത്തുവന്നു. ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ ബലിഹർചണ്ഡി ക്ഷേത്രത്തിനും പരിസര പ്രദേശത്തിനും സർക്കാർ ശരിയായ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ ബീച്ചിൽ ജൂൺ 15ന് നടന്ന സമാനമായ കൂട്ടബലാത്സംഗവുമായി ഈ കേസിന് സമാനതകളുണ്ട്. അവിടെ ഒരു കോളജ് വിദ്യാർഥിനി ആക്രമിക്കപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒഡിഷയിൽ ലൈംഗികാതിക്രമ കേസുകൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഭുവനേശ്വറിലെ ഒരു ലോഡ്ജിൽ വെച്ച് ഒരു സ്ത്രീയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ, ഒരു വലിയ സംഗീത പ്രോജക്റ്റ് വാഗ്ദാനം ചെയ്ത് ഗായികയായ സ്ത്രീയെ പ്രലോഭിപ്പിച്ച്  ലോഡ്ജിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലർന്ന പാനീയം നൽകിയാണ് അതിക്രമത്തിനിരയാക്കിയത്.

സെപ്റ്റംബർ 5 ന്, ഗണേശ വിഗ്രഹ നിമജ്ജനം കാണാൻ സഹോദരിയുടെ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിയെ കന്ധമാലിൽ 28 വയസ്സുള്ള ഒരാൾ ബലാത്സംഗം ചെയ്തു.  9-ാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിനുള്ളിൽ ബലാത്സംഗത്തിനിരയാക്കിയ സംഭവവും പുറത്തുവന്നു. കഴിഞ്ഞ മാസം മയൂർഭഞ്ചിൽ 10 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയെ സ്വന്തം സമുദായത്തിലെ 20 വയസ്സുള്ള ഒരു യുവാവ് ബലാത്സംഗം ചെയ്തു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.


Tags:    
News Summary - Odisha: Dalit college student gang-raped near Puri beach; three arrested, hunt on for fourth accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.