പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ ലോക്കപ്പിൽ മർദിച്ച സംഭവത്തിൽ അന്വേഷണം

ലഖ്നോ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ ലോക്കപ്പിൽ ക്രൂരമായി മർദിക്കുന്ന വിഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് പൊലീസ്. സംഭവത്തിൽ സിറ്റി എസ്.പി അന്വേഷണം നടത്തുമെന്ന് സഹരൻപൂർ സീനിയർ പൊലീസ് സൂപ്രണ്ട് ആകാശ് തോമർ അറിയിച്ചു.

വിഡിയോക്ക് സഹരൻപൂർ പൊലീസുമായി ബന്ധമുണ്ടെന്ന ആരോപണം ആകാശ് തോമർ നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ, കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്താൻ നിർബന്ധിതരായത്. യു.പിയിലെ സഹരൻപൂർ സ്റ്റേഷൻ ലോക്കപ്പിൽ പ്രതിഷേധക്കാരെ പൊലീസുകാർ മർദിക്കുന്ന വിഡിയോ ജൂൺ 10നാണ് പുറത്ത് വന്നത്.

ലോക്കപ്പിലുള്ളവരെ പൊലീസുകാർ ക്രൂരമായി മർദിക്കുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠിയാണ് ​​​'കലാപകാരികൾക്ക് സമ്മാനം തിരികെ നൽകുക' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്. വലിയ വിവാദമായതോടെ വീഡിയോ പിന്നീട് ഇദ്ദേഹം ഡിലീറ്റ് ചെയ്തു.

റാംപൂർ ജില്ലയിലെ വിവരാവകാശ പ്രവർത്തകൻ ഡാനിഷ് ഖാൻ നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മർദനം സംബന്ധിച്ച് പരാതി നൽകിയിരുന്നു. ലോക്കപ്പ് മർദനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നു. യു.പി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തന്റെ ട്വിറ്ററിൽ വീഡിയോ പങ്കുവെക്കുകയും ഇത്തരം സംഭവങ്ങൾ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർക്കുമെന്നും പറഞ്ഞു.

Tags:    
News Summary - Custodial torture: After denial, Saharanpur SSP orders probe into viral video of cops thrashing protesters in lock-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.