വ്യവസായികള്‍ക്ക് പൊള്ളുന്നു

ന്യൂഡല്‍ഹി: ബാങ്കിനും എ.ടി.എമ്മിനും മുമ്പില്‍ സാധാരണക്കാര്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് നിരാശരാകുമ്പോള്‍ മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെ പ്രശംസിച്ച വ്യവസായ പ്രമുഖര്‍ക്ക് പൊള്ളിത്തുടങ്ങി. വില്‍പന ഇടിഞ്ഞതുമൂലം വാഹന, ഗാര്‍ഹികോല്‍പന്ന നിര്‍മാതാക്കള്‍ ഉല്‍പാദനം വെട്ടിക്കുറച്ചു. വിവിധ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലായി.

ഓട്ടോമൊബൈല്‍, ട്രാക്ടര്‍ പ്ളാന്‍റുകളില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തീരുമാനിച്ചു. മറ്റൊരു വാഹന നിര്‍മാതാക്കളായ റെനോള്‍ട്ട്-നിസാന്‍ ഉല്‍പാദനം വെട്ടിക്കുറച്ചു. വില്‍പന ഇടിഞ്ഞതിനാല്‍ കരാര്‍ തൊഴിലാളികളെ പിരിച്ചു വിടേണ്ടിവരുമെന്ന് വാഹന, ഗാര്‍ഹികോപകരണ രംഗത്തെ പ്രമുഖരായ ബജാജ് കമ്പനി മുന്നറിയിപ്പു നല്‍കി. വിഡിയോകോണും നോട്ട് അസാധുവാക്കലിനെ തള്ളിപ്പറഞ്ഞു.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോണ്‍ഫെറി ഹേ ഗ്രൂപ് ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ശമ്പള വര്‍ധന പരിമിതപ്പെടുത്തും. നോട്ട് അസാധുവാക്കലിനെ തുടക്കത്തില്‍ പുകഴ്ത്തിയെങ്കിലും ഈ പരിഷ്കരണം സമ്പദ്മേഖല പാളം തെറ്റിച്ചതായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ചെയര്‍മാന്‍ ദീപക് പരേഖ്  കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

വില്‍പന അഞ്ചിലൊന്നു കണ്ട് (22 ശതമാനം) കുറഞ്ഞതായി മഹീന്ദ്ര വെളിപ്പെടുത്തി. കമ്പനിയുടെ ഓഹരി വിലയും ഇടിഞ്ഞു. ചില ദിവസങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവെക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.  20,000ല്‍പരം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഒരു ഷിഫ്റ്റില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാനാണ് റെനോള്‍ട്ട്-നിസാന്‍ കമ്പനിയുടെ തീരുമാനം. വാഹന വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല. നിശ്ചിത സംഖ്യ ഡൗണ്‍ പേമെന്‍റായി നല്‍കുന്നതിന് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ ഇടപാടുകാര്‍ക്കും സാധിക്കുന്നില്ല.

ഇതിനിടെ, കടുത്ത ജോലിഭാരം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. നോട്ട് അസാധുവാക്കലിനുശേഷം കള്ളപ്പണ കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കെ, മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യവും നല്‍കണമെന്ന് ഇന്‍കം ടാക്സ് എംപ്ളോയീസ് ഫെഡറേഷന്‍, ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പിലെ 97 ശതമാനം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളാണിത്.

ബാങ്കിങ് സംവിധാനത്തിലേക്ക് പ്രതീക്ഷിച്ചതിലേറെ അസാധുവാക്കിയ നോട്ട് വന്‍തോതില്‍ എത്തുന്നുണ്ട്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ കള്ളപ്പണ പൂഴ്ത്തിവെപ്പുകാര്‍ പണം വെളുപ്പിക്കുന്നു. ഇതൊക്കെ യഥാവിധി പരിശോധിക്കാന്‍ കഴിയാത്ത വിധം 35 ശതമാനം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും സംഘടനകള്‍ കത്തില്‍ പറഞ്ഞു.

Tags:    
News Summary - currency demonitation agains industrialist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.