ക്യൂവില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: നോട്ട് പ്രശ്നത്തില്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച തുടര്‍ച്ചയായ  അഞ്ചാം ദിനവും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയെ രക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട്  കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തി. യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാരുടെ ധര്‍ണക്ക്  എ.കെ. ആന്‍റണി, പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   

പാര്‍ലമെന്‍റ് മാര്‍ച്ച് നയിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. ജന്തര്‍മന്തറില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കവേ മരിച്ച 70 പേരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.   ശരദ്യാദവ്, മായാവതി എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ചൊവ്വാഴ്ചയും തടസ്സപ്പെട്ടു. 

രാജ്യസഭയില്‍ തൃണമൂല്‍, എസ്.പി, ബി.എസ്.പി, ഇടത് അംഗങ്ങളും മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. രാജ്യസഭയും ലോക്സഭയും പലകുറി നിര്‍ത്തിവെച്ചശേഷം പിരിഞ്ഞു. ചര്‍ച്ചയില്‍ ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്നാരോപിച്ച് ഭരണപക്ഷ അംഗങ്ങളും രംഗത്തുവന്നു. ലോക്സഭയില്‍  പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം എ.ഐ.ഡി.എം.കെയും ചേര്‍ന്നു.

നോട്ട് വിഷയത്തില്‍ ചൊവ്വാഴ്ച പ്രതിഷേധം  രൂക്ഷമായി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രം വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യയും പറഞ്ഞു. ബഹളംവെച്ച പ്രതിപക്ഷ അംഗങ്ങളെ  സ്പീക്കര്‍ സുമിത്ര മഹാജന്‍  പലകുറി ശാസിച്ചുവെങ്കിലും  രംഗം ശാന്തമാക്കാനായില്ല.

 

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.