മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ നഗരസഭ ഉൾപ്പെടെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെയോ ഇൻഡ്യ സഖ്യത്തിന്റെയോ കൂടെ നിൽക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേന. പാർട്ടി വക്താവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത് ആണ് ശനിയാഴ്ച നിലപാട് വ്യക്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സഖ്യമായി മത്സരിക്കുമ്പോൾ പ്രാദേശിക നേതാക്കളുടെ സാധ്യതകൾ ഇല്ലാതാകുകയും സംഘടന വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാലാണ് തീരുമാനമെന്ന് റാവുത്ത് വിശദീകരിച്ചു. അതേസമയം, ഭാവിയിൽ ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് തള്ളിക്കളയാനാകില്ലെന്ന് റാവുത്ത് പുണെയിൽ പറഞ്ഞു.
നിലവിൽ രാജ്താക്കറെ ബി.ജെ.പിയുടെ സുഹൃത്താണെന്നും എന്നാൽ, ഉദ്ധവ് താക്കറെ ശത്രുവല്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് റാവുത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.