മോദിക്കെതിരെ രാജ്യസഭയില്‍ സഭാ അലക്ഷ്യത്തിന് സി.പി.എം നോട്ടീസ്

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ലമെന്‍റില്‍ വിശദീകരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം ജനറല്‍ സെക്രട്ടറിയും എം.പിയുമായ സീതാറാം യെച്ചൂരി രാജ്യസഭയില്‍ സഭാ അലക്ഷ്യത്തിന് നോട്ടീസ് നല്‍കി. പാര്‍ലമെന്‍റ് സമ്മേളനം ഏഴു ദിനം പിന്നിടുമ്പോഴും രാജ്യസഭയിലോ, ലോക്സഭയിലോ നോട്ട് പിന്‍വലിക്കാനുള്ള തന്‍െറ പ്രഖ്യാപനവും തുടര്‍ന്നുള്ള പ്രതിസന്ധിയും സംബന്ധിച്ച് നരേന്ദ്ര മോദി ഒരക്ഷരം പറഞ്ഞിട്ടില്ല. രാജ്യസഭ  ചെയര്‍മാന്‍ ഹാമിദ് അന്‍സാരിക്ക് സമര്‍പ്പിച്ച നോട്ടീസില്‍ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. സഭാ അലക്ഷ്യ പ്രമേയത്തിന് അനുമതി നല്‍കണമെന്നും അടുത്ത ദിവസംതന്നെ ചര്‍ച്ചക്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
  പാര്‍ലമെന്‍റിനോട് അവഗണന കാണിക്കുന്ന പ്രധാനമന്ത്രി കേരളത്തെയും അവഗണിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ച അനുമതി നിഷേധിച്ചത് ധിക്കാരമാണ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷക സംഘം പ്രതിനിധികള്‍ക്കും പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. സംസ്ഥാന മുഖ്യമന്ത്രിയെയും കര്‍ഷക നേതാക്കളെയും കാണാന്‍ തയാറാകാത്ത മോദിയുടെ ശൈലി ഏകാധിപത്യപരമാണ്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയില്‍നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നത്.  
  നോട്ട് പ്രതിസന്ധി ദിവസംകഴിയുന്തോറും രൂക്ഷമാവുകയാണ്. വസ്ത്ര നിര്‍മാണ മേഖലയില്‍ നാലു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 32 ദശലക്ഷം ദിവസ വേതനക്കാര്‍ക്ക് കൂലി കിട്ടിയിട്ട് ആഴ്ച പിന്നിട്ടു. എന്നിട്ടും 96 ശതമാനം ആളുകള്‍ നോട്ട് പിന്‍വലിച്ചതിനെ പിന്തുണച്ചുവെന്നാണ്  മോദി പറയുന്നത്. 130 കോടി ജനസംഖ്യയുള്ള നാട്ടില്‍ അഞ്ചു ലക്ഷം പേരില്‍ നടത്തിയ സര്‍വേയാണ് എടുത്തുകാട്ടുന്നത്. സര്‍വേയിലെ ചോദ്യങ്ങളും ഉത്തരവും മോദിക്കു വേണ്ടി ഉണ്ടാക്കിയതാണ്. 100 ശതമാനം പേരും അനുകൂലിച്ചു എന്നു പറയുന്നതായിരുന്നു നല്ലതെന്നും യെച്ചൂരി പരിഹസിച്ചു.

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.