കാര്‍ഷിക പ്രതിസന്ധി: താക്കീതായി കിസാന്‍സഭ മാര്‍ച്ച്

ന്യൂഡല്‍ഹി: ചെറുകിട-ഇടത്തര കര്‍ഷകരുടെ കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നാരംഭിച്ച നാല് പ്രക്ഷോഭയാത്രകളുടെ സമാപനം കുറിച്ചായിരുന്നു മാര്‍ച്ച്. ജമ്മു, കൊല്‍ക്കത്ത, വിരുധനഗര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്ന് പുറപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയ ജാഥകള്‍ രാംലീല മൈതാനിയില്‍ സംഗമിച്ച് പര്‍ലമെന്‍റ് ലക്ഷ്യമാക്കി നീങ്ങി.

 കര്‍ഷകര്‍ക്ക് ഉല്‍പാദനചെലവിനൊപ്പം 50 ശതമാനം ലാഭവും ചേര്‍ത്ത് മിനിമം താങ്ങുവില നിശ്ചയിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിവസമെങ്കിലും 300 രൂപ മിനിമം കൂലിയില്‍ തൊഴില്‍ ഉറപ്പാക്കുക, ചെറുകിട-ഇടത്തരം വിഭാഗത്തിലുള്ള മുതിര്‍ന്ന കര്‍ഷകര്‍ക്ക് 3,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ഭൂരഹിതര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. മാര്‍ച്ച് ജന്തര്‍മന്ദറില്‍ പൊലീസ് തടഞ്ഞു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം  ചെയ്തു. മോദിയുടെ ഭരണത്തിന് കീഴില്‍ സൈനികര്‍ക്കും കര്‍ഷകര്‍ക്കും ആത്മഹത്യയല്ലാതെ മറ്റ് പോംവഴിയൊന്നുമില്ളെന്ന ദുരവസ്ഥയാണെന്ന് യെച്ചൂരി പറഞ്ഞു. കര്‍ഷക ആത്മഹത്യനിരക്ക് കുതിച്ചുയരുകയാണ്. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് അവരുടെ വിള വില്‍ക്കാന്‍ പറ്റുന്നില്ല.

അതേസമയം,  പ്രധാനമന്ത്രിയുടെ അടുപ്പക്കാര്‍ക്ക് നേരത്തേ വിവരം നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ മോദി സമയം നല്‍കി. കോര്‍പറേറ്റുകള്‍ക്ക്  ലക്ഷംകോടികള്‍ നികുതിയിളവ് അനുവദിക്കുന്ന സര്‍ക്കാര്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

മേധാപട്കര്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള, സി.ഐ.ടി.യു പ്രസിഡന്‍റ് എ.കെ. പത്മനാഭന്‍, കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, പ്രസിഡന്‍റ് അമ്രാറാം, ജോ. സെക്രട്ടറി വിജു കൃഷ്ണന്‍, വൈസ് പ്രസി. കെ. ബാലകൃഷ്ണന്‍, ട്രഷറര്‍ പി. കൃഷ്ണപ്രസാദ്, എം.പിമാരായ പി. കരുണാകരന്‍, പി.കെ. ശ്രീമതി, എം.ബി. രാജേഷ്, കെ.കെ. രാഗേഷ്, പി. ബിജു, ഇന്നസെന്‍റ്, ജോയ്സ് ജോര്‍ജ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.