ചെന്നൈ: പാർട്ടി ഓഫീസുകൾ മിശ്രവിവാഹങ്ങൾക്കായി തുറന്നിടുമെന്ന് സി.പി.എം. എത്ര തവണ പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായാലും മിശ്രവിവാഹങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്ന് സി.പി.എം തിരുനെൽവേലി ജില്ലാ സെക്രട്ടറി ശ്രീറാം പറഞ്ഞു. 20ഓളം പേരടങ്ങുന്ന സംഘം മിശ്രവിവാഹം നടത്തികൊടുത്തതിന് സി.പി.എം ഓഫീസ് അടിച്ചു തകർത്തിരുന്നു. ഇക്കാര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എംകോം ബിരുദധാരിയായ പെൺകുട്ടി ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിന് സഹായിക്കണമെന്ന അഭ്യർഥനയുമായി ഓഫീസിലെത്തിയത്. കണ്ണീരോടെയായിരുന്നു പെൺകുട്ടി സംസാരിച്ചത്. താൻ അവരെ ആശ്വസിപ്പിച്ചു. ഇതിന് പിന്നാലെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. സഖാക്കൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവരും സ്ഥലത്തെത്തി. പൊലീസിന് മുമ്പിൽ വെച്ചുപോലും ആക്രമണമുണ്ടായി. എല്ലാത്തിനേയും കേവലം ക്രമസമാധാന പ്രശ്നമായി മാത്രം കാണുന്ന പൊലീസ് നടപടി എന്നു മാറുമെന്നും ശ്രീറാം ചോദിച്ചു.
മിശ്രവിവാഹം നടത്താൻ സഹായിച്ചതിൽ പ്രകോപിതരായി തിരുനെൽവേലിയിൽ സി.പി.എം ഓഫിസ് അടിച്ചു തകർത്തിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശത്തെ സി.പി.എം പ്രവർത്തകരാണ് ഉന്നത ജാതിയിൽ പെട്ട പാളയംകോട്ടയിലെ പെരുമാൾ പുരത്തെ 23കാരിയും പട്ടികജാതിക്കാരനായ യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തത്.
അതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പെരുമാൾപുരം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയും യുവാവും സി.പി.എം ഓഫിസിൽ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ വീട്ടുകാർ അവിടെയെത്തി. പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി പ്രവർത്തകരുമായി തർക്കിക്കുകയും ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.