ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രത്യേക കോവിഡ് കെയര്‍ സെൻറർ ഒരുക്കി ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ പ്രമുഖ ഹോട്ടലായ അശോകയിലാണ് 100 റൂമുകൾ ചികിത്സക്കായി ഒരുക്കുന്നത്.
അശോക ഹോട്ടല്‍ കോവിഡ് കെയര്‍ സെൻറർ ആക്കിയതായി ചാണക്യപുരി സബ് കലക്ടര്‍ ഗീത ഗ്രോവര്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. പ്രൈമസ് ആശുപത്രിയാണ് സെൻററിലെ ചികിത്സ സംവിധാനങ്ങള്‍ നിയന്ത്രിക്കുക. കോവിഡ് കെയര്‍ സെൻററിലേക്ക് ആശുപത്രി സ്റ്റാഫുകളെ വിട്ടുനല്‍കും. ചികിത്സക്കുള്ള തുക പ്രൈമസ് ആശുപത്രിക്ക് ഈടാക്കാം. ഹോട്ടലിന് വാടക നല്‍കേണ്ടത് ആശുപത്രിയാണെന്നും ഉത്തരവില്‍ പറയുന്നു.
കോവിഡ് ചികിത്സക്കായി തുക തീരുമാനിച്ച ശേഷം, പ്രൈമസ് ആശുപത്രിക്ക് ഡോക്ടര്‍മാരേയും നഴ്സുമാരേയും മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫുകളെയും കോവിഡ് കെയര്‍ സെൻററിൽ നിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രികളില്‍ ചികിത്സാ സഹായമില്ലാതെ ജനങ്ങള്‍ പരക്കംപായുമ്പോഴാണ്, ജഡ്ജിമാര്‍ക്കും ഹൈകോടതി ഉദ്യോഗസ്ഥര്‍ക്കും മാത്രമായി സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ കോവിഡ് കെയര്‍ സെൻറർ ആക്കിയിരിക്കുന്നത്.
ന്യൂഡൽഹി: ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ റൂമുകൾ ആവശ്യപ്പെട്ടില്ലെന്ന് ഡൽഹി ഹൈകോടതി. ജഡ്ജിമാർക്കും അവരുടെ കുടുംബത്തിനുമായി അശോക ഹോട്ടലിൽ 100 മുറികൾ ഏർപ്പെടുത്തിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ഡൽഹി സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ജുഡീഷ്യൽ ഓഫിസറോ കുടുംബമോ അസുഖ ബാധിതരായാൽ ആശുപത്രിയിൽ ചികിത്സ ലഭിക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. നിലവിൽ രണ്ട് ജുഡീഷ്യൽ ഓഫിസർമാരുടെ ജീവൻ കോവിഡ് കവർന്നു.
തങ്ങൾ എപ്പോഴാണ് പഞ്ചനക്ഷത്ര ഹോട്ടൽ ചോദിച്ചത്? നിങ്ങൾ എന്തിനാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടാക്കുന്നത്? നിങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കാനാണോ ഇങ്ങനെ ചെയ്യുന്നതെന്നും സർക്കാറിനോട് കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.