ഇന്ത്യയിൽ വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനാകുമെന്ന് അഡാർ പൂനാവാല; ഒക്ടോബറോടെ ജനജീവിതം സാധാരണ നിലയിലെത്തും

പുനെ: കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് ജനുവരിയിൽ തുടങ്ങാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കും. ഒക്ടോബറാകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും ഇന്ത്യ സാധാരണ ജീവിതത്തിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്‍റെ അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, വിപുലമായ ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ പിന്നെയും സമയമെടുക്കും. എങ്കിലും ജനുവരിയിൽ കുത്തിവയ്പ്പ് നൽകാനാകുമെന്നു കരുതുന്നു.

രാജ്യത്തെ 20 ശതമാനം പേർക്ക് കുത്തിവയ്പ്പ് നൽകാനായാൽ ആളുകളിൽ ആത്മവിശ്വാസം തിരികെവരും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാകുമെന്നും അതോടെ രാജ്യം കോവിഡിനു മുൻപുള്ള ജീവിതത്തിലേക്കു തിരികെയെത്തും.

ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനേകയും സീറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വികസിപ്പിക്കുന്ന വാക്സിനായ കൊവിഷീൽഡിന്‍റെ അടിയന്തര ഉപയോഗത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും അടിയന്തര ഉപയോഗാനുമതി തേടിയിട്ടുണ്ട്.

എന്നാൽ, ഇരുവാക്സിനുകളുടെയും സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദഗ്ധ സമിതിക്കു സമർപ്പിക്കാനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ നിർദേശം.

അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളിലെ ഇടക്കാല രേഖകളാണു സമർപ്പിച്ചിരുന്നത്. ജൂലൈ ആകുമ്പോഴേക്കും 30-40 കോടി ഡോസുകൾ നൽകാനാണു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാറിനൊപ്പം സ്വകാര്യ വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നും പൂനാവാല അറിയിച്ചു.

Tags:    
News Summary - Covd-19 vaccination in India may start in Jan Adar Poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.