മുംബൈ: ഭീമ-കൊറേഗാവ് കേസിൽ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് പുണെ പോലീസ് അറസ്റ്റ് ചെയ്ത ദലിത് ചിന്തകനും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് പ്രഫസറുമായ ഡോ. ആനന്ദ് തെൽതുംബ്ഡെയെ പുണെ സെഷൻസ് കോടതി വിട്ടയച്ചു. അറസ്റ്റ് നടന്ന് 13 മണിക്കൂറിനകമാണ് വിട്ടയക്കൽ വിധി.
ശനിയാഴ്ച പുലർച്ച 3.30ന് കൊച്ചിയിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ആനന്ദ് തെൽതുംബ്ഡെയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. ആനന്ദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പുണെ സെഷൻസ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
തുടർന്നാണ് ധിറുതിയിൽ അറസ്റ്റ് നടന്നത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയുമായി കീഴ്കോടതിയെ സമീപിക്കാൻ ആനന്ദിന് നേരത്തെ സുപ്രീംകോടതി ഫെബ്രുവരി 11 വരെ സാവകാശം നൽകിയിരുന്നു. അതുവരെ അറസ്റ്റ് വിലക്കുകയും ചെയ്തിരുന്നു.
കീഴ്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി സമയം നൽകിയതെന്നും കീഴ്കോടതി ജാമ്യപേക്ഷ തള്ളിയതോടെ അത് അവസാനിച്ചെന്നുമുള്ള പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിക്കുകയും ആനന്ദിനെ ഉടൻ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. ആനന്ദിെൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി കിഷോർ വദനെ തന്നെയാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.