പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവിനെ ഡൽഹി പൊലീസ് മോചിപ്പിച്ചു; വഴിയിൽ തടഞ്ഞ് കൈമാറിയത് ഹരിയാന പൊലീസ്

ന്യൂഡൽഹി: ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തജീന്ദറിനെ പഞ്ചാബ് പൊലീസ് 'തട്ടിക്കൊണ്ടുപോകുക'യായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. പഞ്ചാബ് പൊലീസ് സംഘത്തെ വഴിയിൽ തടഞ്ഞ് ഹരിയാന പൊലീസ് തജീന്ദറിനെ 'മോചിപ്പിച്ച്' ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത് പഞ്ചാബ് പൊലീസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് ഭാരതീയ ജനത യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദറിനെ ഡൽഹി ജനക്പുരിയിലെ വസതിയിലെത്തി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 15ഓളം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും തജീന്ദറിനെ ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോകുകയുമായിരുന്നെന്ന് പിതാവ് പ്രീത് പാൽ സിങ് ബഗ്ഗ പറയുന്നു. കസ്റ്റഡിയിലെടുക്കാനുള്ള കാരണം പറയാതെയായിരുന്നു ഇത്.

ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച തന്റെ മുഖത്ത് ഒരു പൊലീസുകാരൻ അടിച്ചെന്നും തന്നെ ബലമായി പിടിച്ചിരുത്തി മൊബൈൽ പിടിച്ചുവാങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു. തലപ്പാവ് ധരിക്കാൻ പോലും അനുവദിക്കാതെയാണ് തജീന്ദറിനെ വലിച്ചിഴച്ച് കൊണ്ടുപോയതെന്നും പ്രീത് പാൽ സിങ് ബഗ്ഗ പരാതിപ്പെട്ടു. 'ഇതുവരെ തജീന്ദർ ബഗ്ഗ മാത്രമേയുണ്ടായിന്നുള്ളു. ഇനി ബഗ്ഗയുടെ പിതാവുമുണ്ട്'- അദ്ദേഹം കെജ്രിവാളിനുള്ള മറുപടിയായി പറഞ്ഞു.

മകനെ തട്ടിക്കൊണ്ടുപോയെന്ന പ്രീത് പാൽ സിങ് ബഗ്ഗയുടെ പരാതി പരിഗണിച്ച് ഡൽഹി പൊലീസ് പഞ്ചാബ് പൊലീസിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. തജീന്ദറിനെ അറസ്റ്റ് ചെയ്യുന്ന വിവരം പഞ്ചാബ് പൊലീസ് തങ്ങളെ അറിയിച്ചില്ലെന്നും ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ ആം ആദ്മി സർക്കാറിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാറും അരവിന്ദ് കെജ്രിവാളും അധികാരം ദുർവിനിയോഗം ചെയ്ത് രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രക്ഷോഭം.

അതിനിടെയാണ് തജീന്ദറുമായി പോകുകയായിരുന്നു പഞ്ചാബ് പൊലീസ് സംഘത്തെ ഹരിയാന പൊലീസ് കുരുക്ഷേത്രയിൽ വെച്ച് തടഞ്ഞത്. തജീന്ദറി​ന്റേത് അനധികൃത കസ്റ്റഡിയാണെന്നും അദ്ദേഹത്തെ മോചിപ്പിച്ച് ഡൽഹി പൊലീസിന് കൈമാറുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ ഹരിയാന പൊലീസ് തജീന്ദറിനെ മോചിപ്പിച്ച് ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു. തജീന്ദറി​നെ പഞ്ചാബ് പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തത് തെളിഞ്ഞതിനെ തുടർന്നാണിതെന്ന് മൊറാലി പൊലീസ് സീനിയർ സൂപ്രണ്ട് പറഞ്ഞു.



ഹരിയാന പൊലീസിന്റെ ഈ നീക്കത്തിനെതിരെ പഞ്ചാബ് പൊലീസ് ഹരിയാന​ ഹൈകോടതിയെ സമീപിച്ചു. ഹരിയാന സർക്കാർ നാളെ സത്യവാങ് മൂലം നൽകണമെന്ന് കോടതി നി​ർശേദിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവന, മതസ്പർധ വളർത്തൽ, വ്യാജ പ്രചാരണം നടത്തിൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മാസം പഞ്ചാബ് പൊലീസ് തജീന്ദറിനെതിരെ കേസ് എടുത്തിരുന്നു. നേരിട്ട് ഹാജരാകണമെന്ന് പലതവണ അറിയിച്ചെങ്കിലും തജീന്ദർ എത്താതിരുന്നതിനെ തുടർന്നാണ് ഡൽഹിയിലെത്തി അറസ്റ്റ് ചെയ്തതെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്.  

Tags:    
News Summary - Controversy over arrest of BJP's Tajinder Bagga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.