മുബൈ: യാത്രികന് തെറ്റായി ടിക്കറ്റ് നൽകിയതിന് സ്പൈസ് ജെറ്റിനോട് 25000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമീഷൻ. 2020 ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. യാത്രക്കാരൻ മാനസികവും സാമ്പത്തികവുമായി സമ്മർദം അനുഭവിച്ചുവെന്നാണ് കമീഷന്‍റെ കണ്ടെത്തൽ.
ജൂൺ17ന് മുംബൈ ഉപഭോക്തൃ തർക്കപരിഹാര കോടതി പ്രസിദ്ധീകരിച്ച ഉത്തരവിൽ യാത്രക്കാരൻ നേരിട്ട മാനസിക പീഡനത്തിന് സ്പൈസ് ജെറ്റ് അധികൃതർ ഉത്തരവാദികളാണെന്ന് കമീഷൻ കണ്ടെത്തി. യാത്രക്കാരൻ ആദ്യം ബുക്ക് ചെയ്ത വിമാനം മോശം കാലാവസ്ഥ കാരണം റദ്ദാക്കിയതിനെ തുടർന്ന് നൽകിയ മറ്റൊരു ടിക്കറ്റാണ് തെറ്റായി നൽകിയത്.
2020 ഡിസംബർ 5നാണ് പരാതിക്കാരനായ മുതിർന്ന പൗരൻ മുംബൈയിൽ നിന്ന് ദർഗയിലേക്കും തിരികെയുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ മോശം കാലവസ്ഥയെതുടർന്ന് തിരികെയുള്ള ഫ്ലൈറ്റ് റദ്ദു ചെയ്തു. ഡിസംബർ 8ന് പി.എച്ച്. ഡി ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം അത്യാവശ്യമായി മറ്റൊരു ടിക്കറ്റ് ആവശ്യപ്പെട്ടത്.
പാഠ്നയിൽ നിന്ന് കൊൽക്കത്തയിലേക്കും പിന്നീട് കൊൽക്കത്തയിൽ നിന്ന് മുബൈയിലേക്കുമുള്ള ടിക്കറ്റാണ് കമ്പനി നൽകിയത്. എന്നാൽ പാഠ്ന എയർപോർട്ടിലെത്തുമ്പോഴാണ് തെറ്റായ ടിക്കറ്റാണ് നൽകിയതെന്ന് അറിയുന്നത്. തുടർന്ന് സ്വന്തം ചെലവിൽതന്നെ അദ്ദേഹത്തിന് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു എന്നാണ് പരാതി.
ടിക്കറ്റ് തുകയായ 14577 രൂപയും യാത്രക്കാരൻ നേരിട്ട മാനസിക വേദനക്ക് 2 ലക്ഷം രൂപയും വ്യവഹാരച്ചെലവുകൾക്കായി 25000 രൂപയും നൽകണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. എന്നാൽ അധിക തുക ഈടാക്കാതെയാണ് പകരം ടിക്കറ്റ് നൽകിയതെന്നും റീഫണ്ട് നൽകിയതാണെന്നും കമ്പനി വാദിച്ചു.
ഫ്ലൈറ്റ് റദ്ദാക്കിയ വിഷയത്തിൽ ഉചിതമായ നടപടി ക്രമങ്ങൾ കമ്പനി പാലിച്ചുവെന്നും എന്നാൽ ടിക്കറ്റ് തെറ്റായി നൽകി യാത്രക്കാരനെ ബുദ്ധിമുട്ടിച്ചതിലാണ് നടപടി എടുക്കുന്നതെന്നുും കമീഷൻ പറഞ്ഞു. തുടർന്ന് 25000 രൂപ നഷ്ടപരിഹാരത്തിനൊപ്പം 5000 രൂപ നിയമ വ്യവഹാരച്ചെലവായി നൽകാനും കമീഷൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.