മൂന്ന് പതിറ്റാണ്ടിയിട്ടും രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനമില്ല, ദീർഘകാല പരോൾ പരിഗണനയിൽ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ. ഇതുസംബന്ധിച്ച് ഡി.എം.കെ സർക്കാർ നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

2018ൽ എ.ഡി.എം.കെ സർക്കാർ പ്രതികളെ വിട്ടയക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഈ തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ആവശ്യം. തമിഴ്നാട് സർക്കാരിന്റെ ശിപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. 31 വർഷങ്ങളായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെടുന്നു.

കേസിലെ ഏഴ് പ്രതികളില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരത്വമുള്ളവരാണ്. പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവരാണ് ഇന്ത്യൻ പൗരത്വമുള്ളവർ. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്.

തമിഴ്നാട് സർക്കാറിന്‍റെ തീരുമാനത്തിൽ ഗവർണർ രണ്ടുവർഷം ഒരു തീരുമാനവും എടുത്തിരുന്നില്ല. വൈകുന്നതിനെക്കുറിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോൾ തീരുമാനമെടുക്കാൻ പ്രസിഡന്‍റിന് ഫോർവേഡ് ചെയ്യുകയായിരുന്നു ഗവർണർ. ഇതോടെ പ്രശ്നം സങ്കീർണമായിത്തീർന്നു. ഭരണഘടനാപരമായ യാതൊരു നടപടികളും പാലിക്കപ്പെട്ടില്ല. അതിനാൽ മനുഷ്യത്വപരമായ കാരണങ്ങളാൽ പ്രതികൾക്ക് ആശ്വാസം നൽകാനായി ഇവർക്ക് ദീർഘകാല പരോൾ അനുവദിക്കുക മാത്രമാണ് സർക്കാറിന് മുന്നിലുള്ള പോംവഴിയെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    
News Summary - Considering long term parole for Rajivgandhi assasination Defendants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.