ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; പദയാത്ര സെപ്റ്റംബർ ഏഴിന് ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന കോൺഗ്രസിന്‍റെ ഭാരത പദയാത്ര സെപ്റ്റംബർ ഏഴിന് ആരംഭിക്കും. 150 ദിവസമെടുത്ത് 3,500 കി.മീ. ദൂരം താണ്ടുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ പങ്കെടുക്കുമെന്നും യാത്ര തീയതി പ്രഖ്യാപിച്ച് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രാമേശ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 80 വർഷം മുമ്പ് ഇതേ ദിവസം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റ് (ഭാരത് ചോഡോ) അഞ്ചുവർഷത്തിനുശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു. ഇന്ത്യയുടെ ഐക്യം (ഭാരത് ജോഡോ) ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് ഭാരത പര്യടനം പ്രഖ്യാപിക്കുകയാണ്.

ഭയം, മതഭ്രാന്ത്‌, മുൻവിധി, വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയവക്കെതിരെ ബദൽരാഷ്ടീയം ആഗ്രഹിക്കുന്നവർക്ക് പദയാത്രയുടെ ഭാഗമാകാമെന്നും ജയറാം രമേശ് വ്യക്തമാക്കി. കഴിഞ്ഞ മേയിൽ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ട് ഭാരതപര്യടനം നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ രണ്ടിന് യാത്ര ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇത് സെപ്റ്റംബർ ഏഴിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Congress with Bharat yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.