ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസ്, പാർട്ടിയിൽ ചെലവ് ചുരുക്കൽ പദ്ധതികൾ നടപ്പാക്കുന്നു. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി പ്രവർത്തകർക്കും ചെലവുചുരുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകി.
'ചെലവുകൾ പരമാവധി ചുരുക്കുകയാണ് ലക്ഷ്യം. ഓരോ രൂപയും സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു' -കോൺഗ്രസ് ട്രഷറർ പവൻ ബൻസാൽ പറഞ്ഞു. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര ചെയ്യാനും സാധ്യമല്ലാത്തപ്പോൾ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്‍റ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങൾ ഇതിനായി ഉപയോഗിക്കാൻ നിർദേശിച്ചു.
സെക്രട്ടറിമാർക്ക് 1400 കിലോമീറ്റർ വരെയുള്ള ട്രെയിൻ യാത്രക്ക് പണം നൽകും. അതിന് മുകളിലുള്ള ദൂരങ്ങൾക്ക്, ഏറ്റവും കുറഞ്ഞ വിമാന നിരക്ക് നൽകും. മാസത്തിൽ രണ്ട് തവണ മാത്രമേ വിമാന നിരക്ക് നൽകൂ.
കാന്‍റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രങ്ങൾ, ഇന്ധനം മുതലായവയുടെ ചെലവുകൾ എ.ഐ.സി.സി ഭാരവാഹികൾ കുറക്കണം. സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവരുടെ അലവൻസായ 12,000ഉം 15,000ഉം രൂപ വെട്ടിക്കുറക്കും. 'ഭൂരിഭാഗം പേരും ഈ തുക വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഈ ചെലവും കുറക്കാൻ ഞങ്ങൾ ശ്രമിക്കുന്നു' -ബൻസാൽ പറഞ്ഞു.
കോൺഗ്രസ് എം.പിമാരോട് എല്ലാ വർഷവും 50,000 രൂപ സംഭാവന ചെയ്യാനും പാർട്ടിയുടെ അനുഭാവികളിൽനിന്ന് സംഭാവനയായി പ്രതിവർഷം 4,000 രൂപ ആവശ്യപ്പെടാനും നിർദേശമുണ്ട്.
സമീപ വർഷങ്ങളിൽ കോൺഗ്രസിന് ലഭിക്കുന്ന ഫണ്ട് കുത്തനെ കുറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തെയും പ്രചാരണത്തെയും ഇത് ഏറെ ബാധിച്ചതായി നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ പിരിവ് 17 ശതമാനമാണ് കുറഞ്ഞത്.
ബി.ജെ.പിക്ക് ലഭിക്കുന്ന തുക വർധിക്കുകയും ചെയ്തു. 2018-19 വർഷം ബി.ജെ.പിക്ക് ലഭിച്ചത് 1450 കോടി രൂപയാണെങ്കിൽ കഴിഞ്ഞ വർഷം അത് 2555 കോടിയായി വർധിച്ചു. മുൻ വർഷത്തേക്കാൾ 75 ശതമാനം വർധന. കോൺഗ്രസിന് 2019-20ൽ 318 കോടിയും 2018-19ൽ 383 കോടിയുമാണ് ലഭിച്ചത്.
രാഷ്ട്രീയപ്പാർട്ടികൾക്ക് രഹസ്യമായി സംഭാവന നൽകാവുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി 2017ലെ ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്. എസ്.ബി.ഐയുടെ തെരഞ്ഞെടുത്ത ശാഖകൾ വഴി മാത്രമാണ് വിൽപന. വാങ്ങുന്നയാളിെൻറയോ പണം മുടക്കുന്നയാളിെൻറയോ പേര് ബോണ്ടിലുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.