സുപ്രീംകോടതി വിധി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. സുപ്രധാന വിധിയിലേക്ക് കോടതിയെ നയിച്ച നിയമ പോരാട്ടം നടത്തിയ വനിതകളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിധി സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതും വിവേചനത്തിൽനിന്ന് ആശ്വാസം നൽകുന്നതുമാണെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടു.
പുതുയുഗത്തിെൻറ തുടക്കം –അമിത് ഷാ
വിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, രാജ്യത്തെ മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുതുയുഗത്തിെൻറ തുടക്കമാണെന്ന് അഭിപ്രായപ്പെട്ടു. തുല്യതയിലേക്കും ആത്മാഭിമാനത്തിലേക്കുമുള്ള ചുവടുവെപ്പാണിത്.
പുരോഗമനാത്മകം –സോളി സൊറാബ്ജി
സുപ്രീംകോടതി വിധി പുരോഗമനാത്മകമാണെന്ന് പ്രമുഖ നിയമജ്ഞനും മുൻ അറ്റോണി ജനറലുമായ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. ഇത് മുസ്ലിം വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധിയാണ്. ഏകകണ്ഠമായിരുന്നുവെങ്കിൽ അൽപംകൂടി നന്നാകുമായിരുന്നു. എങ്കിലും മുത്തലാഖിലൂടെ വിവാഹമോചനം നടത്താൻ ഇനി ആർക്കും സാധിക്കില്ല.
വിധി നടപ്പാക്കുന്നത് ശ്രമകരം –ഉവൈസി
കോടതി വിധി സ്വാഗതാർഹമാണെങ്കിലും വിവാഹമോചനം സംബന്ധിച്ച വ്യത്യസ്ത രീതികൾ കാരണം ഇത് നടപ്പാക്കുക അങ്ങേയറ്റം ശ്രമകരമാണെന്ന് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി അഭിപ്രായപ്പെട്ടു. മുത്തലാഖ് വളരെ തർക്കസ്വഭാവമുള്ള വിഷയമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി ജഡ്ജിമാർക്ക് പോലും ഏകാഭിപ്രായമുണ്ടാകാത്തത്. വ്യക്തിനിയമങ്ങൾ സംബന്ധിച്ച കോടതി നിരീക്ഷണം അദ്ദേഹം എടുത്തുപറഞ്ഞു.
പുരോഗമനാത്മക വ്യക്തിനിയമങ്ങളുടെ വിജയം –ജെയ്റ്റ്ലി
സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും വ്യക്തിനിയമങ്ങൾ പുരോഗമനാത്മകമാണെന്ന് വിശ്വസിക്കുന്നവരുടെ വിജയമാണിതെന്നും ധനമന്ത്രി അരുൺ െജയ്റ്റ്ലി. പല മുസ്ലിം രാജ്യങ്ങളും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.
സ്വാഗതാർഹം –സൈറ ബാനു
മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധിയെ കേസിലെ പരാതിക്കാരിൽ ഒരാളായ സൈറ ബാനു സ്വാഗതം ചെയ്തു. മുസ്ലിം സ്ത്രീകള്‍ക്ക് ഇന്ന് ഐതിഹാസിക ദിനമാണെന്നും വനിതകളുടെ പ്രശ്നങ്ങള്‍ പഠിച്ചശേഷം നിയമനിർമാണം നടത്തണമെന്നും വിധിയോട് പ്രതികരിക്കവേ അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.