മഹാരാഷ്ട്ര കോൺഗ്രസിൽ ഭിന്നിപ്പ്; ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലസാഹെബ് ത്രോട് മഹാരാഷ്ട്ര ​കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ​നേതൃ സ്ഥാനം രാജി വെച്ചു. നാനാ പടോലെക്കൊപ്പം പ്രവർത്തിക്കാനാകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ കത്തെഴുതി അറിയിച്ചതിനു പിന്നാലെയാണ് രാജി. ഫെബ്രുവരി രണ്ടിന് തന്നെ ത്രോട് രാജി സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

മുതിർന്ന നേതാവായിട്ടും തനിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രതിച്ഛായ തകർക്കാർ ചിലർ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബാലസാഹെബ് ത്രോട് ആരോപിക്കുന്നത്. നാനാ പടോലെ ധിക്കാരിയാണെന്നും ത്രോട് ആരോപിച്ചു.

എന്നാൽ അത്തരം കത്തിനെ കുറിച്ചൊന്നും അറിയില്ലെന്ന് പറഞ്ഞ നാനാ പടോലെ, കത്തിന്റെ ഉള്ളടക്കമറിയാതെ ​പ്രതികരിക്കാനാവില്ലെന്നും വ്യക്തമാക്കി.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് എഴുതിയ കത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ആരുടെയും അഭിപ്രായങ്ങൾ കേട്ടിട്ടല്ലെന്ന് ത്രോട് പറഞ്ഞു.

ബാലസാഹെബ് ത്രേട്ടിന്റെ ബന്ധുവായ നാസിക് എം.എൽ.സി സുധീൻ താംബെയെ കോൺഗ്രസ് ഒൗദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടും മത്സരിക്കാൻ വിസമ്മതിക്കുകയും മകൻ സത്യജിത് താംബെയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് ഫലം വന്നപ്പോൾ വിജയിക്കുകയും ചെയ്തു. എം.എൽ.സി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾക്കൊടുവിൽ പാർട്ടി സുധീർ താംബെയെയും സത്യജിത് താംബെയെയും സസ്‍പെൻഡ് ചെയ്തു.

ഇതിനു ശേഷം സംസ്ഥാന പാർട്ടി നേതൃത്വം തന്നെയും കുടുംബത്തെയും താംബെ വിഷയത്തെ ചൊല്ലി അപമാനിക്കുകയാണെന്നും കത്തിൽ ബാലസാഹെബ് ത്രോട് ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Congress vs Congress In Maharashtra, Leader Quits Post Day After Letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.