ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി. എം.എൽ.എമാരെ സ്വാധീനിച്ച് മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ തടയാനാണ് പാർട്ടിയുടെ ഈ അടിയന്തര നീക്കം. ശനിയാഴ്ചയോടെയാണ് ഇവരെ തെലങ്കാനയിലേക്ക് മാറ്റിയത്. മേലൂർ എം.എൽ.എയും തെലങ്കാനയുടെ മുൻ എ.ഐ.സി.സി ചുമതലക്കാരനുമായ പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൈദരാബാദിലെത്തിയത്.
വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കോൺഗ്രസ് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.വി.കെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പി. വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. എന്നാൽ മറ്റ് പാർട്ടികൾ തങ്ങളുടെ എം.എൽ.എമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം തങ്ങളുടെ ജനപ്രതിനിധികളെ ഹൈദരാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതോടെ വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.
108 സീറ്റുകൾ നേടി വിജയിയുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഇതേത്തുടർന്നാണ് ഡി.എം.കെ സഖ്യത്തിലായിരുന്ന കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ കക്ഷികളുടെ പിന്തുണ ടി.വി.കെ തേടിയത്. കോണ്‍ഗ്രസിന് പുറമെ സി.പി.എം, സി.പി.ഐ പാര്‍ട്ടികളും വിജയ്‌യെ പിന്തുണക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വി.സി.കെയും സർക്കാർ രൂപീകരിക്കുന്നതിന് ടി.വി.കെയെ പിന്തുണക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വി.സി.കെക്ക് രണ്ട് സീറ്റുകളാണുള്ളത്. വെള്ളിയാഴ്ച വി.സി.കെ പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
വി.സി.കെ അദ്ധ്യക്ഷന്‍ തിരുമാവളവനെ ഉപമുഖ്യമന്ത്രി ആക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അദ്ദേഹം ഇപ്പോള്‍ ചിദംബരത്ത് നിന്നുള്ള എം.പിയാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടി.വി.കെ നേതാവ് വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. ഇതോടെ സർക്കാർ രൂപികരിക്കാനുള്ള ടി.വി.കെയുടെ നീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.