ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കെതിരെ കോൺഗ്രസ് നേതാവ് നടത്തിയ ട്വീറ്റിനെതിരെ ബി.ജെ.പി രംഗത്ത്. ജൻമവാർഷികത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി വാജ്പേയിയുടെ സ്മാരകം സന്ദർശിച്ച സമയത്ത് മറ്റ് കോൺഗ്രസ് നേതാക്കൾ ഇത് പ്രൊമോട്ട് ചെയ്യുന്ന തിരക്കിലായിരുന്നു.
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി കോ-ഓർഡിനേറ്റർ ഗൗരവ് പാൻഥിയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ കാലത്ത് വാജ്പേയി ബ്രിട്ടീഷ് സർക്കാരിന്റെ ഏജന്റായിരുന്നുവെന്ന് ട്വീറ്റ് ചെയ്തത്. ''1942ൽ അടൽ ബിഹാരി വാജ്പേയി അടക്കമുള്ള എല്ലാ ആർ.എസ്.എസ് നേതാക്കളും ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ബഹിഷ്‍കരിച്ചു. അതിന്റെ ഭാഗമാകുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷ് സർക്കാരിന് ചോർത്തി നൽകുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.''-എന്നായിരുന്നു ട്വീറ്റ്. പിന്നീട് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു.
''നെല്ലീ കൂട്ടക്കൊലയുണ്ടായ സമയത്തും ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ജനങ്ങളെ പ്രകോപിപ്പിക്കുന്നതിൽ വാജ്പേയിക്കും നല്ല പങ്കുണ്ട്. ഇന്ന് മോദിയെ ഗാന്ധി, പട്ടേൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളോടാണ് ബി.ജെ.പി നേതാക്കൾ ഉപമിക്കുന്നത്. അല്ലാതെ സവർക്കർ, വാജ്പേയി, ഗോൾവാൽകർ തുടങ്ങിയവരോടല്ല, കാരണം അവർക്ക് സത്യമറിയാം.''-എന്നും പാൻഥി ടീറ്റ് ചെയ്തു.
വാജ്പേയി അധിക്ഷേപിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രമായില്ലെന്നും പാൻഥി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പുനവാല രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പാൻഥിയുടെ പരാമർശത്തിൽ മാപ്പു പറയണമെന്നും ഷെഹസാദ് പൂനവാല ആവശ്യപ്പെട്ടു.
പാർട്ടിയുടെ അനുമതിയോടെ ആണോ പാൻഥി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന യു.പി മന്ത്രി ജിതിൻ പ്രസാദ ചോദിച്ചു. ഇന്ത്യയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരുടെയും ജനങ്ങളുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ നേതാവാണ് വാജ്പേയി എന്നും ജിതിൻ പ്രസാദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.