സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകളും വിഡിയോകളും 24 മണിക്കൂറിനകം കോൺഗ്രസ് നേതാക്കൾ പിൻവലിക്കണമെന്ന് ഡൽഹി കോടതി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകളും വിഡിയോകളും റീ ട്വീറ്റുകളും 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് മൂന്ന് കോൺഗ്രസ് നേതാക്ക​ൾക്ക് ഡൽഹി ഹൈകോടതിയുടെ നിർദേശം. സ്മൃതി ഇറാനി നൽകിയ രണ്ടു കോടിയുടെ മാനഹാനിക്കേസിൽ കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നെട്ട ഡിസൂസ എന്നിവർ ആഗസ്റ്റ് 18ന് കോടതിയിൽ നേരിട്ട് ഹാജരാകാനും നി​ർദേശമുണ്ട്. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ നിയമവിരുദ്ധമായി ബാർ നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് കോ​ൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തത്.

കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. യഥാർഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കോടതി വിലയിരുത്തി.

സമൻസ് ലഭിച്ച കാര്യം അറിയിച്ച് ജയറാം രമേശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി നൽകിയ കേസിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നു. കോടതിക്കു മുന്നിൽ തെളിവുകൾ നൽകും- എന്നായിരുന്നു ട്വീറ്റ്.

സ്മൃതി ഇറാനിയുടെ 18 വയസുള്ള മകൾ ഗോവയിൽ റസ്റ്റാറന്റിൽ ബാർ നടത്തുന്നുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇതിനെ തുടർന്ന് മൂന്നു കോൺഗ്രസ് നേതാക്കൾക്ക് സ്മൃതി ഇറാനി നോട്ടീസയച്ചിരുന്നു. മകൾക്കെതിരായ ആരോപണം എത്രയും പെട്ടെന്ന് പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആവശ്യം.

18 വയസുള്ള മകളെ സമൂഹത്തിനു മുന്നിൽ അപമാനിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്നും ഒന്നാംവർഷ കോളജ് വിദ്യാർഥിയായ മകൾ ബാർ നടത്തുന്നില്ലെന്നുമായിരുന്നു സ്മൃതിയുടെ വിശദീകരണം. എന്നാൽ സ്മൃതി ഇറാനിയുടെ മകൾ നിയമവിരുദ്ധമായി മദ്യശാല നടത്തുന്നതിന് തെളിവും കോൺഗ്രസ് നേതാക്കൾ വാർത്ത സമ്മേളനത്തിനിടെ പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Congress Leaders Ordered To Delete Tweets Against smriti irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.