പാഠ്യപദ്ധതി കാവിവത്കരണത്തിനെതിരെ എൻ.എസ്.യു പ്രവർത്തകർ ആർ.എസ്.എസിന്റെ കാക്കി ട്രൗസർ കത്തിച്ച് പ്രതിഷേധിക്കുന്നു

ആർ.എസ്.എസ് ട്രൗസർ കത്തിച്ച് കോൺഗ്രസ്; കർണാടകയിൽ 'ട്രൗസർ പോരു'മായി ബി.ജെ.പിയും കോൺഗ്രസും

ബംഗളൂരു: കർണാടകയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വ്യത്യസ്തമായൊരു രാഷ്ട്രീയ പോരിലാണിപ്പോൾ. അതിനെ വേണമെങ്കിൽ 'ട്രൗസർ രാഷ്ട്രീയ'മെന്ന് വിളിക്കാം. പാഠപുസ്തകത്തിലെ കാവിവത്കരണത്തിനെതിരെ കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻ.എസ്.യു-ഐ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് മുന്നിൽ ആർ.എസ്.എസിന്റെ കാക്കി ട്രൗസർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെ മന്ത്രിയുടെ വീട് കത്തിക്കാൻ ശ്രമിച്ചു എന്ന ബി.ജെ.പി പരാതിയിൽ എൻ.എസ്.യു നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എങ്കിൽ ഇനിയും ട്രൗസറുകൾ കത്തിക്കുമെന്നായി കോൺഗ്രസും യൂത്ത് കോൺഗ്രസും.

കൂടുതൽ ട്രൗസറുകൾ കത്തിച്ചായിരുന്നു പിന്നീടുള്ള പ്രതിഷേധം. ഇതിന് 'ട്രൗസർ കത്തിക്കൽ കാമ്പയിൻ' എന്ന് പേരുമിട്ടു. കഴിഞ്ഞ ദിവസം ചിത്രദുർഗയിലും ചിക്മംഗളൂരുവിലും കോൺഗ്രസ് ​പ്രവർത്തകർ കാക്കി ട്രൗസറുകൾ കൂട്ടിയിട്ട് കത്തിച്ചു. അതേസമയം, കോൺഗ്രസ് നേതാക്കൾക്കായി അടിവസ്ത്രങ്ങളും ട്രൗസറുകളും ശേഖരിച്ചാണ് ബി.ജെ.പിക്കാർ ഇതിനോട് പ്രതികരിക്കുന്നത്. ശേഖരിച്ച അടിവസ്ത്രങ്ങളും ട്രൗസറുകളും കോൺഗ്രസ് നേതാക്കൾക്ക് അയച്ചുകൊടുത്ത് പകരംവീട്ടാനാണ് പരിപാടി.

മാണ്ഡ്യയിലെ ബി.ജെ.പിക്കാർ ഒരു പെട്ടി മുഴുവൻ അടിവസ്ത്രങ്ങൾ ശേഖരിച്ച് കർണാടക കോൺഗ്രസ് ഓഫിസിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം തങ്ങൾക്കിതുവരെ പാഴ്സലുകളൊന്നും കിട്ടിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഉണ്ടാവുന്ന കോൺഗ്രസിന് സ്വന്തം അടിവസ്ത്രമാണ് സമരത്തിലൂടെ നഷ്ടമാകുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. ഏതായാലും കാവിവത്കരണത്തിൽ കൈപൊള്ളിയ ബി.ജെ.പി സർക്കാറിന് ട്രൗസർ കത്തിക്കുന്നതിലൂടെ കൂടുതൽ 'പൊള്ളുമോ​' എന്ന് കണ്ടറിയണം.

Tags:    
News Summary - Congress burns RSS trousers; BJP and Congress in a 'trouser war' in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.