‘ആർ.എസ്.എസ് നയിക്കുന്ന സർക്കാർ രാജ്യത്തിന്റെ ദൗർഭാഗ്യം, സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്നു,’ കടന്നാക്രമിച്ച് കോൺഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആർ.എസ്.എസിന്റെ പങ്കിനെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്. കോൺഗ്രസും അനുബന്ധ സംഘടനകളും രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയപ്പോൾ ആർ.എസ്.എസ് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നുവെന്ന് ​പാർട്ടി ആരോപിച്ചു.

ആർ.എസ്.എസിന്റെ എത്രയാളുകളെ സ്വാതന്ത്ര്യസമര പോരാട്ടത്തിൻറെ ഭാഗമായി ജയിലിലടച്ചുവെന്നും എത്ര പേരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നും ചോദിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീഡിയോയും കോൺഗ്രസ് സമൂഹമാധ്യമത്തിൽ പങ്കു​വെച്ചു. 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ രാജ്യം മുഴുവൻ ബ്രിട്ടീഷുകാർക്കെതിരെ അണിനിരന്നപ്പോൾ, പ്രക്ഷോഭത്തെ അടിച്ചമർത്താൻ സാമ്രാജ്യത്വ യജമാനന്മാരുമായി കൈകോർക്കാൻ ആർ.എസ്.എസ് തീരുമാനിച്ചുവെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറയുന്നു.

‘ആർ.എസ്.എസിനെപ്പോലെ വർഗീയവും വിദ്വേഷപരവുമായ ഒരു സംഘടന നേരിട്ട് നയിക്കുന്ന സർക്കാർ നമ്മുടെ രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിക്ക് വേണ്ടി വാദിച്ചവർ ഇപ്പോൾ നമ്മുടെ രാജ്യത്ത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി മാറുകയാണ്. അവരിൽ നിന്ന് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി എങ്ങനെ പ്രതീക്ഷിക്കാം?’-ഖാർഗെ ചോദിക്കുന്നു.

‘കോൺഗ്രസ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, മറ്റ് വിപ്ലവ സംഘടനകൾ എന്നിവയെ ആവർത്തിച്ച് നിരോധിച്ചപ്പോഴും ബ്രിട്ടീഷ് ഭരണകൂടം ഒരിക്കലും ആർ‌.എസ്‌.എസിന് നിരോധനം ഏർപ്പെടുത്തിയില്ല. അവരുടെ ഒരു സന്നദ്ധ പ്രവർത്തകനെ പോലും ജയിലിലേക്ക് അയച്ചില്ല. ജയിലിന് പുറത്ത് ജനങ്ങളുടെ മനസിൽ വിഷം നിറച്ച് ഹിന്ദു-മുസ്ലീം വിഭജനം നടത്തുകയായിരുന്നു ആർ.എസ്.എസ്. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും, ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ ആളിക്കത്തിച്ചും സ്ഥാപനങ്ങൾ പിടിച്ചടക്കിയും വിദ്വേഷം പ്രചരിപ്പിച്ചും അധികാരം കൈക്കലാക്കുക എന്ന ഒരേയൊരു അജണ്ട മാത്രമേ ആർ.എസ്.എസിനുള്ളൂ. ഇന്ന്, അധികാരം ദുരുപയോഗം ചെയ്ത് ആർ.എസ്.എസ് രാജ്യത്തെ വിൽക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം ആർ.എസ്.എസ് ആണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ഈ സംഘടന രാജ്യത്തെ തീയിടുന്നതും തുരക്കുന്നതും നിർത്തുന്ന ദിവസം, പകുതിയിലധികം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും,’-ഖാർഗെ വീഡിയോയിൽ പറയുന്നു.

ആർ.എസ്.എസിൻറെ ഏക താത്പര്യം എല്ലായ്പോഴും രാഷ്ട്ര സ്നേഹമായിരുന്നുവെന്ന് ബുധനനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സംഘം ബ്രിട്ടീഷുകാരുടെ അതിക്രമങ്ങൾക്കെതിരെ പോരാടിയിട്ടുണ്ട്. ആർ.എസ്.എസ് വളണ്ടിയർമാർ സ്വാതന്ത്ര്യസമര സേനാനികൾക്ക് അഭയം നൽകിയിരുന്നുവെന്നും സ്വാതന്ത്ര്യസമരകാലത്ത് അതിന്റെ നേതാക്കളെ ജയിലിലടച്ചിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സമൂഹമാധ്യമത്തിൽ മറുപടിയുമായി രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് ജയറാം ​രമേശും മോദിയെ ചരിത്രമോർമിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച അന്തരീക്ഷമുണ്ടാക്കിയെന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ കത്തി​ലെ പരാമർശങ്ങൾ ചൂണ്ടിയായിരുന്നു ജയറാം രമേശിന്റെ വിമർശനം. 

Tags:    
News Summary - Congress attacks rss claims sangh sided with british

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.