ഉദ്യോഗസ്ഥർക്ക് ചായയും പക്കോഡയും വാങ്ങിക്കൊടുക്കുക -കെജ്‍രിവാൾ ഷീല ദീക്ഷിത്തിനെ മാതൃകയാക്കണമെന്ന് അജയ് മാക്കൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുണ്ടായ പുതിയ ഏറ്റുമുട്ടലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഉപദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ​''ഉദ്യോഗസ്ഥർ ആർക്കൊപ്പവുമല്ല, അവർക്ക് ആവശ്യമുള്ളപ്പോൾ ചായയും പക്കോഡയും വാഗ്ദാനം ചെയ്യുക. അനിവാര്യമായ സമയത്ത് ഉറച്ച നിലപാട് സ്വീകരിക്കുക.'' -എന്നാണ് മാക്കൻ ട്വിറ്ററിൽ കുറിച്ചത്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിൽ നിന്നാണ് താനീ ഉപദേശം സ്വീകരിച്ചതെന്നും മാക്കൻ തുടർന്നു പറഞ്ഞു.

ഓഫിസർമാരുമായി മാന്യമായി ഇടപെടണമെന്നും അവരുമായി ചർച്ച നടത്തണമെന്നും ഡൽഹിയുടെ വികസനത്തിനായി അവർക്ക് പ്രേരണ നൽകണമെന്നും അങ്ങനെ വന്നാൽ അവർ ആത്മാർഥമായി നിങ്ങൾക്കൊപ്പം കാണുമെന്നും തുടർന്നുള്ള ട്വീറ്റിൽ മാക്കൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കഠിനമായി ശകാരിക്കുകയാണ് കെജ്രിവാളെന്നും അജയ് മാക്കൻ ആരോപിച്ചു. ഇത്തരം സ്വഭാവം നഗരത്തിന്റെ നാശത്തിനേ കാരണമാകൂ എന്നും അദ്ദേഹം ഓർമ​പ്പെടുത്തി.

താൻ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ തന്റെ അറിവില്ലാതെ ട്രാൻസ്​പോർട് കമ്മീഷണറെ മാറ്റിയപ്പോൾ അത് നേരിട്ടത് എങ്ങനെയെന്നും മാക്കൻ വിവരിച്ചു.

അന്നത്തെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനും അതെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ലഫ്റ്റനന്റ് ഗവർണർ ആണ് സ്ഥലം മാറ്റിയത്. ലഫ്. ഗവർണറെ കണ്ട് സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. പൊതുഗതാഗത സംവിധാനം സിഎൻജിയിലേക്ക് മാറ്റുന്ന ​നടപടിക്കിടയിൽ സ്ഥലംമാറ്റം പ്രശ്നമായിരുന്നു.

ഇക്കാര്യം തുറന്നുകാട്ടാൻ വാർത്ത സമ്മേളനം വിളിക്കുമെന്ന് മാക്കൻ പറഞ്ഞപ്പോൾ ഷീലാ ദീക്ഷിത് എതിർക്കുകയായിരുന്നു. ഇതെ കുറിച്ച് ആരോടും മിണ്ടരുതെന്നും നമ്മൾ സ്ഥലം മാറ്റത്തിന് എതിരെ പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞാൻ നാളെ അവർ നമ്മളെ ഗൗനിക്കില്ലെന്നുമായിരുന്നു ഷീലാ ദീക്ഷിത്തിന്റെ ഉപദേശം. പകരം പുതിയ ഉദ്യോഗസ്ഥനെ വിളിച്ച് മുഖ്യമന്ത്രി നിങ്ങളുടെ നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ചുവെന്നറിയിക്കുക. അദ്ദേഹത്തെ ചായയും പക്കോഡയും കഴിക്കാൻ ക്ഷണിക്കുകയും സി.എൻ.ജിയുടെ ആവശ്യകതയെ കുറിച്ച് മനസിലാക്കുകയും വേണമെന്നും ഷീലാ ദീക്ഷിത് ഓർമപ്പെടുത്തി.

പുതിയ ഉദ്യോഗസ്ഥന് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലായി. വിവിധ ലോബികൾക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു. സുപ്രീം കോടതിയിൽ നിന്നും യുഎസ് സർക്കാരിൽ നിന്നുമുള്ള അംഗീകാരങ്ങൾ തേടിയെത്തി. ഈ ഉദ്യോഗസ്ഥർ ആ​ർക്കൊപ്പവുമല്ല. അവരെ ത​ന്ത്രപൂർവം കൈകാര്യം ചെയ്യണം. കെജ്രിവാളിന് ഷീലാ ദീക്ഷിത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും മാക്കൻ ഓർമപ്പെടുത്തി.

Tea and pakodas': Cong leader offers Sheila Dikshit's advice to Kejriwal

Tags:    
News Summary - Cong leader offers Sheila Dikshit's advice to Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.