‘ആ പോസും കോൺഫിഡൻസും വേറെ ലെവൽ’; രാഹുലിന്റെ ഫോട്ടോയെ പ്രശംസിച്ച് ബി.ജെ.പി നാഗാലാൻഡ് അധ്യക്ഷൻ

ലണ്ടൻ സന്ദർശനത്തിലുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോയെ പ്രശംസിച്ച് ബി.ജെ.പി നാഗാലാൻഡ് അധ്യക്ഷൻ തെംജൻ ഇംന എലോങ്. രാഹുലിന്റെ ലണ്ടൻ യാത്രയിലെ പരാമർശങ്ങളെ ചൊല്ലി കോൺഗ്രസും ബി​.ജെ.പിയും കൊമ്പുകോർക്കുന്നതിനിടെയാണ് നാഗാലാൻഡ് മന്ത്രി കൂടിയായ ബി.ജെ.പി നേതാവിന്റെ പ്രശംസ.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കറുത്ത സ്യൂട്ട് ധരിച്ച് പാന്റ് പോക്കറ്റിൽ കൈയിട്ട് നിൽക്കുന്ന രാഹുലിന്റെ ചിത്രം ‘നിങ്ങൾ ഒറ്റക്കാണെങ്കിലും നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി നിലകൊള്ളുക’ എന്ന കുറിപ്പോടെ പങ്കുവെച്ചത്. ഇതിനോടുള്ള പ്രതികരണത്തിലാണ് ‘ഈ ആത്മവിശ്വാസവും പോസും വേറെ ലെവൽ’ എന്ന് ബി.ജെ.പി നേതാവ് കുറിച്ചത്. എന്നാൽ, പിന്നീട് ട്വിറ്ററിൽ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയ അദ്ദേഹം, കോൺഗ്രസ് പേജിലുള്ള ക്യാപ്ഷൻ കടമെടുത്തതാണെന്ന് സൂചിപ്പിച്ച് ‘അടിക്കുറിപ്പെങ്കിലും സ്വന്തമായി എഴുതുക’ എന്ന് പരിഹസിച്ചു. രാഹുലിന്റെ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും നിരവധി പേർ പ്രശംസയുമായി എത്തുകയും​ ചെയ്തിരുന്നു. 

ലണ്ടൻ സന്ദർശനത്തിനിടെ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊക്കെ എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയും ബി.ജെ.പി അതിൽ വിമർശനവുമായി എത്തുകയും ചെയ്തിരുന്നു. വർഗീയ, ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസ്, ഇന്ത്യയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കൈയടക്കിയെന്ന് രാഹുൽ ഗാന്ധി ലണ്ടനിലെ ചാറ്റ്ഹാം ഹൗസിൽ നടത്തിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ജനാധിപത്യ മത്സരങ്ങളുടെ സ്വഭാവം പൂർണമായും മാറി. അതിനു കാരണം ആർ.എസ്.എസ് എന്ന വർഗീയ, ഫാഷിസ്റ്റ് സംഘടന, ഇന്ത്യയുടെ ഒരു വിധം സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയതാണ്.

രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ അവർ എങ്ങനെ വിജയകരമായി പിടിച്ചെടുത്തു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമങ്ങൾ, ജുഡീഷ്യറി, പാർലമെന്റ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവയെല്ലാം ഭീഷണിയിലാണ്. അവയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരുടെ നിയന്ത്രണത്തിലുമാണ്.

അന്വേഷണ ഏജൻസികളെ എങ്ങനെയാണ് അവർ ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് ഏതൊരു പ്രതിപക്ഷ നേതാവിനോടും ചോദിക്കാം. ​എന്റെ ഫോൺ ചോർത്തി. നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോണുകളിൽ പെഗസസ് ഉണ്ട്. നിരീക്ഷിക്കപ്പെടുന്നുവെന്നും ഫോണുകൾ ചോർത്തുന്നുവെന്നതും സ്ഥിരമായി ഞങ്ങളെ അലട്ടുന്ന പ്രശ്നമാണ്. കൂടാതെ, പ്രതിപക്ഷാംഗങ്ങൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. ക്രിമിനൽ കേസുകൾ ആകാത്ത സംഭവങ്ങൾക്ക് പോലും ക്രിമിനൽ കേസുകൾ എടുത്തിട്ടുണ്ട്. എനിക്കെതിരെ പോലും ഇത്തരത്തിൽ നിരവധി കേസുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളാണ് അധികാരത്തിലിരിക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല -രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർ അക്രമിക്കപ്പെടുമെന്ന് ലണ്ടനിൽ വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബി.ബി.സി ഈ രീതിയിലാണ് അക്രമിക്കപ്പെട്ടത്. മോദിയെ പിന്തുണക്കുന്നവർക്ക് എല്ലാ പിന്തുണയും ലഭിക്കും. ഗുജറാത്ത് കലാപത്തെ കുറിച്ച് പറയുന്ന രണ്ട് ഭാഗങ്ങളുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രൊപ്പഗണ്ടയായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്. അതിലെ വസ്തുനിഷ്ഠതയെ കുറിച്ചല്ല കോളോണിയൽ മനസിനെ കുറിച്ചാണ് കേന്ദ്രസർക്കാറിന് പറയാനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ ഭരണകക്ഷി വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും അവരുടെ സിദ്ധാന്തങ്ങളുടെ സത്ത ഭീരുത്വമാണെന്നും ‘ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്’ (ഐ.ഒ.സി) യു.കെ ചാപ്റ്റർ ലണ്ടനിൽ നടത്തിയ പരിപാടിയിൽ സംസാരിക്കവെ രാഹുൽ ആരോപിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ചൈന പരാമർശവും രാഹുൽ ഇതിൽ ഉയർത്തി. ‘വിദേശകാര്യമന്ത്രി പറയുന്നത് ചൈന ഇന്ത്യയെക്കാൾ കരുത്തരാണ് എന്നാണ്. ഈ ധാരണയുമായി എങ്ങനെയാണ് അവരുമായി ഏറ്റുമുട്ടുക. ബി.ജെ.പിയുടെ ഉള്ളിലെപ്പോഴും ഭയമാണ് എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയെ പ്രശംസിച്ച് ഇന്ത്യയെ അവഹേളിക്കുകയാണ് ബി.ജെ.പി. ഒരിക്കൽ താനും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‍ലിമിനെ മർദിച്ച കാര്യം സവർക്കർ എഴുതിയിട്ടുണ്ട്. അന്ന് വളരെ സന്തോഷം തോന്നിയെന്നാണ് സവർക്കർ എഴുതിയത്. ഒരാളെ മർദിച്ച് സന്തോഷം തോന്നുന്നുവെങ്കിൽ അത് ഭീരുത്വമല്ലാതെ എന്താണ്’, എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.

രാഹുൽ രാജ്യത്തെ വഞ്ചിക്കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകൂർ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്താൻ കിട്ടുന്ന ഒരവസരവും രാഹുൽ ഗാന്ധി പാഴാക്കാറില്ല. അദ്ദേഹത്തിന്റെ ഭാഷയും ചിന്തയും പ്രവർത്തനവുമെല്ലാം സംശയാസ്പദമാണ്. ഈ രീതി രാഹുൽ ആവർത്തിക്കുകയാണ് -മന്ത്രി തുടർന്നു. ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യയും രാഹുൽ വിമർശനവുമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - 'Confidence, pose next level'; BJP Nagaland president of Rahul's photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.