മധ്യപ്രദേശിലെ സമൂഹ വിവാഹ ചടങ്ങിൽ നൽകിയ കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും

ഭോപ്പാൽ: മധ്യപ്രദേശിലെ ഝബുവ ജില്ലയിൽ നടന്ന സമൂഹ വിവാഹ ചടങ്ങിൽ വധുവിന് നൽകിയ മേക്കപ്പ് ബോക്സിനുള്ളിൽ നിന്ന് കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന പദ്ധതിപ്രകാരമാണ് സമൂഹ വിവാഹം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. തണ്ട്‌ലയിൽ 296 ദമ്പതികളാണ് ഇതുപ്രകാരം വിവാഹിതരായത്. പദ്ധതിയുടെ ഭാഗമായി ദമ്പതികൾക്കിടയിൽ വിതരണം ചെയ്ത മേക്കപ്പ് ബോക്സിൽ നിന്നാണ് പാക്കറ്റുകൾ കണ്ടെത്തിയത് വിവാദമായിരിക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു. ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്തതിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നൽകിയതാകാമെന്നും മുതിർന്ന ജില്ല ഉദ്യോഗസ്ഥനായ ഭുർസിംഗ് റാവത്ത് പറഞ്ഞു. അതേസമയം സംഭവം വലിയ നാണക്കേടാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ വിവാഹത്തിന് സഹായം നൽകുന്നതിനായി മധ്യപ്രദേശ് സർക്കാർ 2006 ഏപ്രിലിലാണ് മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന ആരംഭിച്ചു. പദ്ധതി പ്രകാരം വധുവിന്റെ കുടുംബത്തിന് സർക്കാർ 55,000 രൂപ നൽകും.


Tags:    
News Summary - Condoms, Birth Control Pills In Madhya Pradesh's New "Wedding Kit"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.