ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ‘മാച്ച്-ഫിക്സിങ്’ ആണെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദം തികച്ചും അസംബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ രേഖ വീണ്ടും പങ്കുവെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചത്. വോട്ടർമാരിൽനിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാൽ, പക്ഷപാതപരമാണെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിലെയും വോട്ടര്‍ രജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയിലെയും തിരിമറി, കള്ളവോട്ട് തുടങ്ങിയവയിലൂടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം. മഹാരാഷ്ട്രയിലെ വോട്ടർ പട്ടികക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിയമവാഴ്ചക്കുനേരെയുള്ള വെല്ലുവിളിയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. വസ്തുതകളെല്ലാം 2024 ഡിസംബർ 24ന് കോൺഗ്രസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കമീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇവയെല്ലാം പൂർണമായും അവഗണിച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി.
ആരെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ് മാത്രമല്ലെന്നും അതത് രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച ആയിരക്കണക്കിന് പ്രതിനിധികൾക്ക് കളങ്കം വരുത്തിവെക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വേളയിൽ സുതാര്യമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുന്നതു കൂടിയാണിത്. വോട്ടർമാരിൽനിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാൽ, പക്ഷപാതപരമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും കമീഷൻ പ്രതികരിച്ചു.
നേരത്തെ 'ദി ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ നടന്ന ഒത്തുകളികൾ രാഹുൽ ഗാന്ധി അക്കമിട്ട് നിരത്തിയത്. തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനത്തിനുള്ള പാനൽ അട്ടിമറിച്ചു, വ്യാജ വോട്ടർമാരെ ഉപയോഗിച്ച് വോട്ടർ പട്ടിക പെരുപ്പിച്ചു, വർധിച്ച വോട്ടർമാരുടെ എണ്ണവും വർധിപ്പിച്ച വോട്ടിങ് ശതമാനവും, കൃത്യമായ ലക്ഷ്യത്തോടെയുള്ള കള്ള വോട്ടെടുപ്പ് ബി.ജെ.പിയെ ബ്രാഡ്മാനാക്കി മാറ്റി, തെളിവുകൾ മറച്ചു എന്നിങ്ങനെ പോകുന്നു രാഹുലിന്‍റെ അവകാശവാദങ്ങൾ. വോട്ടിങ് ശതമാനത്തിൽ തുടക്കത്തിലും പിന്നീടും കമീഷൻ പുറത്തുവിട്ട കണക്കിലെ വലിയ അന്തരവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.