'സബാശ്രയ്' മെഡിക്കൽ ക്യാമ്പിലെ ചികിൽസയെ തുടർന്ന് കാൽ മുറിച്ചുമാറ്റിയെന്ന് പരാതി; തൃണമൂൽ എം.പി അഭിഷേക് ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പിലെ ചികിത്സാ പിഴവിനെത്തുടർന്ന് യുവതിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്കെതിരെ കേസ്. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ എം.പിയായ അഭിഷേക് ബാനർജി മാസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച 'സബാശ്രയ്' ഹെൽത്ത് ക്യാമ്പിനെ ചികിത്സയെത്തുടർന്നാണ് യുവതിയുടെ കാൽ മുറിച്ചുമാറ്റിയത്.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഹേഷ്തല സ്വദേശിനിയായ മാലതി ബിശ്വാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രബീന്ദ്രനഗർ പൊലീസാണ് അഭിഷേക് ബാനർജിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്.

മുട്ടുവേദനയെത്തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാലതി ബിശ്വാസ് പ്രദേശത്തെ സെബാശ്രയ് ഹെൽത്ത് ക്യാമ്പിൽ ചികിത്സ തേടിയത്. ക്യാമ്പിൽനിന്ന് നൽകിയ മരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് മറ്റൊരു സബാശ്രയ് ക്യാമ്പിനെ സമീപിച്ചപ്പോൾ അവിടുത്തെ ഡോക്ടർമാർ ചികിൽസയ്ക്കായി വൻ തുക ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചതോടെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വലതുകാലിനേറ്റ കേടുപാടുകൾ പരിഹരിക്കാനാകാത്തതാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയും തുടർന്ന് കാൽ മുറിച്ചുമാറ്റുകയുമായിരുന്നു.

'സബാശ്രയ്' ഹെൽത്ത് ക്യാമ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ എഫ്.ഐ.ആറാണിത്. തൃണമൂൽ കോൺഗ്രസ് ഭരണത്തിലിരിക്കെ, കഴിഞ്ഞ ജനുവരി 2നാണ് അഭിഷേക് ബാനർജി ഈ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ, പദ്ധതി ആരംഭിച്ച് മാസങ്ങൾക്കുള്ളിൽതന്നെ മെഡിക്കൽ ക്യാമ്പുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ മറ്റ് രണ്ട് എഫ്.ഐ.ആറുകൾ കൂടി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Complaint filed against Trinamool MP Abhishek Banerjee alleging that his leg was amputated following treatment at 'Sabashray' medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.