മോദിജീ, കർഷകർക്ക്​ ​'പ്രണ്ടി'ന്‍റെ നാട്ടിലുമുണ്ട്​ പിടി- അമേരിക്കയില്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യൻ കര്‍ഷകര്‍ക്ക് പിന്തുണയേകി പരസ്യം

കാലിഫോര്‍ണിയ: അമേരിക്കയിലെ നാഷണൽ ഫുട്​ബാൾ ലീഗിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന്​ പിന്തുണയേകി പരസ്യം പ്രക്ഷേപണം ചെയ്​തത്​ ലോകശ്രദ്ധ നേടുന്നു. ടി.വി ചാനലിൽ മത്സരത്തിന്‍റെ തൽസമയ സംപ്രേക്ഷണത്തിനിടെ ഞായറാഴ്ചയാണ്​ പരസ്യം പ്രത്യക്ഷപ്പെട്ടത്​. 40 സെക്കന്‍ഡ് ആണ്​ പരസ്യത്തിന്‍റെ ദൈര്‍ഘ്യം.

കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ രണ്ട് മാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. 'എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക്​ ഭീഷണിയാണ്​' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം എന്ന വിശേഷണത്തോടെയാണ്​ പരസ്യത്തിൽ കർഷക സമരത്തെ അവതരിപ്പിക്കുന്നത്​. ഫ്രെസ്​നോ സിറ്റി മേയർ ജെറി ഡൈയർ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. കര്‍ഷകരില്ലെങ്കില്‍ നല്ല ഭക്ഷണമോ മികച്ച ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമേകി StandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്.

അതേസമയം, കാലിഫോര്‍ണിയയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യഥാർഥ സൂപ്പര്‍ ബൗളിനിടയിലല്ല പരസ്യം വന്നതെന്നും ഒരു പ്രാദേശിക ചാനലില്‍ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നെന്നും മറ്റ്​ ചിലർ പറയുന്നു.

എന്നാല്‍, യഥാർഥ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെയാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്ന വാദവുമായി ഗായകന്‍ ജാസി ബി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. കാലിഫോര്‍ണിയയിലെ പ്രത്യേക പ്രദേശങ്ങളില്‍ മാത്രമാണ് പരസ്യം പുറത്തുവിട്ടത്. പ്രാദേശിക സമയം മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ പരസ്യം കാണാമെന്ന് യുനൈറ്റഡ് സിഖ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അറിയിപ്പുണ്ടായിരുന്നു. എന്തായാലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം പരസ്യം വൈറലാണ്. നിരവധി പ്രമുഖര്‍ പരസ്യഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പര്‍ ബൗള്‍. 100 മില്യണ്‍ ആളുകള്‍ ടി.വിയിലൂടെ മാത്രം സൂപ്പര്‍ ബൗള്‍ മത്സരം കാണുന്നുണ്ട്. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് അഞ്ച് മുതല്‍ ആറ് മില്യണ്‍ ഡോളര്‍ വരെയാണ് ചെലവ്. ഏകദേശം 36-44 കോടി രൂപ വരും ഇത്​. കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം നല്‍കുന്നതിന്‍റെ ഭാഗമായി പ്രവാസി സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്​. 

Tags:    
News Summary - Commercial on farmers protests in India aired during super bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.