ഭീഷണിയെ തുടർന്ന്​ മുനവർ ഫാറൂഖിയുടെ ബംഗളൂരുവിലെ ഷോയും റദ്ദാക്കി; വിദ്വേഷം ജയിച്ചെന്ന്​ താരം

മുംബൈ: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന്​ ബംഗളൂരുവിലെ ഷോയും റദ്ദാക്കി സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി. നവംബർ 28ന്​ (ഞായറാഴ്ച) ബംഗളൂരുവിലെ ഗുഡ്​ ഷെപ്പേർഡ്​ ഒാഡിറ്റോറിയത്തിലായിരുന്നു പരിപാടി. രണ്ടുമാസത്തിനിടെ 12ാമത്തെ ഷോയാണ്​ റദ്ദാക്കുന്നത്​. ഇതോടെ ഷോ അവസാനിപ്പിക്കുകയാണെന്നും മുനവർ ഫാറൂഖി പറയുന്നു. 

ശനിയാഴ്ച ബംഗളൂരു പൊലീസ്​ പരിപാടിയുടെ സംഘാടകരോട്​ ഷോ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിരവധി സംഘടനകൾ ഈ സ്റ്റാൻഡ്​ അപ്പ്​ കോമഡി ഷോയെ എതിർക്കുന്നു. ഇത്​ ക്രമസമാധാന പ്രശ്​നങ്ങൾക്ക്​ കാരണമാകുമെന്നും പൊതുജന സമാധാനവും സൗഹാർദവും തകർക്കുമെന്നും വിശ്വസനീയ വിവരമുണ്ടെന്നും സംഘാടകരെ പൊലീസ്​ അറിയിച്ചിരുന്നു. കൂടാതെ മറ്റ്​ മതങ്ങളിലെ ദൈവങ്ങളെക്കുറിച്ച്​ വിവാദ പ്രസ്​താവനകൾ നടത്തിയ മുനവർ ഫാറൂഖി വിവാദ നായകനാണെന്നാണ്​ വിവരമെന്നും പൊലീസ്​ പറഞ്ഞു. ഇതോടെയാണ്​ ഞായറാഴ്ച രാവിലെ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്​.

ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതികരണം ഫാറൂഖി ട്വിറ്ററിൽ പങ്കുവെച്ചു. 'വി​േദ്വഷം ജയിച്ചു, കലാകാരൻ തോറ്റു. ഇത്​ പൂർത്തിയായി. ഗുഡ്​ബൈഡ്​. അനീതി' -എന്നായിരുന്നു ഫാറൂഖിയുടെ ട്വീറ്റ്​.​

600ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ച തന്‍റെ ഞായറാഴ്ചത്തെ ഷോയുടെ വേദി നശിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു. തനിക്ക്​ സെൻസർ സർട്ടിഫിക്കറ്റ്​ ഉണ്ടെന്നും എന്നാൽ, ഭീഷണിയെത്തുടർന്ന്​ രണ്ടു മാസത്തിനിടെ 12 ഷോകൾ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, ഹാസ്യ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും അപകീർത്തിപ്പെടുത്തുന്ന പരാമ​ർശങ്ങൾ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച്​ ജനുവരി ഒന്നിന്​ ഇൻഡോർ പൊലീസ്​ മുനവർ ഫാറൂഖിയെ അറസ്റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ മധ്യപ്രദേശ്​ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ സുപ്രീം​േകാടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    
News Summary - Comedian Munawar Faruqui reacts after show cancelled in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.