പാർട്ടി ഫണ്ടിന്റെ മറവിൽ ഡി.എം.കെ വ്യാപക അഴിമതി നടത്തിയെന്ന് മുഖ്യമന്ത്രി വിജയ്; സഭയിൽ പ്രതിഷേധം
ചെന്നൈ: പാർട്ടി ഫണ്ടിന്റെ മറവിൽ ഡി.എം.കെ വ്യാപകമായ അഴിമതി നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിച്ചതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇ.ഡി പരാമർശിച്ചിട്ടുണ്ടെന്ന് വിജയ് അവകാശപ്പെട്ടു. മുൻ മുഖ്യമന്ത്രി എം. കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിലും കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.എം.കെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളുടെ ഫയലുകൾ തുറക്കാൻ ഡി.എം.കെ തനിക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്ന് നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആ ഫയലുകൾ തുറക്കുന്നതിന് മുൻപ്, 1988ലെ ഡി.എം.കെ സർക്കാരിന്റെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയും വലിയ ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കി ഫയലുകൾ കൂടി തുറന്നാൽ എന്താകും സ്ഥിതിയെന്ന് ചോദിച്ചു. അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുത്. ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ട്, തെറ്റെവിടെയുണ്ടോ അവിടെ ഡി.എം.കെയുമുണ്ടെന്നാണ് സ്ഥിതിയെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ സഭയിൽ വൻ ബഹളവും വാഗ്വാദവും ഉടലെടുത്തു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
ഡി.എം.കെക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി, തങ്ങൾക്ക് വോട്ട് ചെയ്യാത്തവർ മരിച്ചുപോകണം എന്ന് ഒരു ഡി.എം.കെ നേതാവ് പ്രസ്താവിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള മാനസികാവസ്ഥയുള്ള ഒരു പാർട്ടി എങ്ങനെ രാഷ്ട്രീയത്തിൽ തുടരണമെന്നും ചോദിച്ചു. കഴിഞ്ഞ 50 വർഷമായി ഇതേ ജനങ്ങളാണ് അവർക്ക് വോട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം ചിന്താഗതിയുള്ളവർക്ക് രാഷ്ട്രീയത്തിൽ തുടരാൻ എന്താണ് അർഹതയെന്നും വിജയ് ചോദിച്ചു.
ക്രമസമാധാന നിലയെക്കുറിച്ച് സംസാരിക്കവെ, പൊലീസ് വകുപ്പിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും കൂടുതൽ ആധുനിക സംവിധാനങ്ങളോടെ പൊലീസ് വകുപ്പ് ഡിജിറ്റൽവൽക്കരിക്കുമെന്നും വിജയ് അറിയിച്ചു. രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ പൊലീസ് വകുപ്പ് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടാതെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, സ്ത്രീകൾക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ആരും നടത്തരുതെന്ന് മുഖ്യമന്ത്രി വിജയ് ശക്തമായി അഭ്യർത്ഥിച്ചു. രാഷ്ട്രീയ വിമർശനങ്ങൾ കടുപ്പമുള്ളതാകാം, എന്നാൽ സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. തന്റെ രാഷ്ട്രീയ വിജയത്തിന്റെ പ്രധാന കാരണം സ്ത്രീകളാണെന്നും അവർക്കെതിരെയുള്ള അധിക്ഷേപകരമായ ഭാഷ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും അത്തരം രീതിയിൽ സംസാരിക്കുന്നതിന് മുൻപ് സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും വിജയ് ഓർമ്മിപ്പിച്ചു.
'എം.ജി.ആർ, എൻ.ടി.ആർ തുടങ്ങിയ ജനകീയ നേതാക്കൾക്ക് അധികാരം നൽകിയതുപോലെ ഇപ്പോഴത്തെ ജനങ്ങൾ തങ്ങൾക്കാണ് അധികാരം തന്നിട്ടുള്ളത്. ഡി.എം.കെ നടപ്പിലാക്കിയ പദ്ധതികൾ ടി.വി.കെ സർക്കാർ എടുത്തുമാറ്റുന്നുവെന്ന് ഡി.എം.കെ ആരോപിക്കുന്നുണ്ടെങ്കിലും, അധികാരത്തിൽ വന്നപ്പോൾ എ.ഐ.ഡി.എം.കെ സർക്കാരിന്റെ നിരവധി പദ്ധതികൾ വെട്ടിച്ചുരുക്കിയ ചരിത്രമാണ് ഡി.എം.കെക്കുള്ളത്. തങ്ങളുടെ അഴിമതികളും മുൻകാല തെറ്റുകളും ജനങ്ങൾ മറന്നുപോയി എന്നാണ് ഡി.എം.കെ കരുതുന്നത്, എന്നാൽ അതല്ല യഥാർത്ഥ്യമെന്നും അതുകൊണ്ടാണ് ജനം തങ്ങളെ തെരഞ്ഞെടുത്തതെന്ന് - മുഖ്യമന്ത്രി വിജയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.