ഭുവനേശ്വര്‍: പിതാവിനെതിരെ പരാതി നല്‍കാന്‍ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റര്‍. ഒഡീഷയിലെ കേന്ദ്രപാഡയിലെ ഡി.എം ഓഫീസിലേക്കാണ് പെണ്‍കുട്ടി 10 കിലോമീറ്റര്‍ നടന്നെത്തിയത്. സ്‌കൂളിലെ ഉച്ചഭക്ഷണ ആനുകൂല്യവും പണവും തനിക്ക് തന്നെ ലഭിക്കാനായിരുന്നു പെണ്‍കുട്ടിയുടെ പരിശ്രമം.
ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ദിവസം എട്ടു രൂപ വിതരണം ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലെങ്കില്‍ രക്ഷിതാവിന്റെ അക്കൗണ്ടിലേക്കായിരുന്നു പണം നിക്ഷേപിച്ചിരുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലൂടെ 150 ഗ്രാം അരിയും നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിട്ടും പണം ഇപ്പോള്‍ കൂടെ താമസിക്കാത്ത പിതാവിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, മകളുടെ പേരില്‍ സ്‌കുളിലെത്തി പിതാവ് അരിയും വാങ്ങിയിരുന്നു.
രേഖമൂലം പരാതി ലഭിച്ചതോടെ കേന്ദ്രപാഡ കലക്ടര്‍ നടപടിക്ക് നിര്‍ദേശിച്ചു. ഇനിമുതല്‍ ആനുകൂല്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാന്‍ മാത്രമല്ല, പെണ്‍കുട്ടിക്ക് അവകാശപ്പെട്ട പണവും അരിയുമടക്കം പിതാവ് വാങ്ങിയതെല്ലാം തിരികെ എത്തിക്കാനും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.