സ്കൂളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഒമ്പതാം ക്ലാസുകാരൻ; ലക്ഷ്യം ഒരു ദിവസം സ്കൂളിന് അവധി ലഭിക്കൽ

ഡൽഹി: നോയ്ഡയിലെ സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമയച്ച സംഭവത്തിൽ ഒമ്പതാം ക്ലാസുകാ​രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീഷണി സന്ദേശ​ത്തെ തുടർന്ന് നോയ്ഡയിലെ നാലു സ്കൂളുകൾ ബുധനാഴ്ച ഒഴിപ്പിക്കുകയും ചെയ്തു. ക്ലാസിൽ നിന്ന് ഒരു ദിവസം അവധി ലഭിക്കാനാണ് ഇത്തരമൊരു പരിപാടി നടത്തിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

14 വയസുള്ള വിദ്യാർഥി ഡൽഹി സ്വദേശിയാണെന്ന് നോയ്ഡ ഡി.സി.പി രംഭദാൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബോംബ് ഭീഷണി സന്ദേശം ലഭിച്ച നാലു സ്കൂളുകളിലൊന്നിലാണ് കുട്ടി പഠിച്ചിരുന്നത്.

​''സ്കൂളിൽ നിന്ന് ഒരു ദിവസം അവധി ലഭിക്കുകയായിരുന്നു വിദ്യാർഥിയുടെ ലക്ഷ്യം. ബോംബ് ഭീഷണികൾ ഉണ്ടാക്കുന്ന ഭീതിയെ കുറിച്ച് വാർത്തകളിലൂടെ അവന് അറിയാമായിരുന്നു. എങ്ങനെയാണ് ആളെ കണ്ടെത്താൻ സാധിക്കും വിധം ബോംബ് ഭീഷണി സന്ദേശം അയക്കേണ്ടത് എന്നറിയാനായി കുട്ടി നാലുമണിക്കൂറോളം ഇന്റർനെറ്റിൽ പരതി.വി.പി.എൻ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാൽ യൂസറുടെ വിവരങ്ങളും ഐ.പി അഡ്രസും കണ്ടെത്താൻ സാധിക്കില്ലെന്നും അവൻ മനസിലാക്കി.''-ഡി.സി.പി പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയാണ് സ്കൂളുകളിലേക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശങ്ങൾ എത്തിയത്. പരിഭ്രാന്തരായ സ്കൂൾ അധികൃതർ ഉടന്‍ തന്നെ മാതാപിതാക്കളെ സ്‌കൂളുകളിലേക്ക് വിളിക്കുകയും വിദ്യാർഥികളെ തിരികെ അയക്കുകയും ചെയ്തു. എന്നാൽ പൊലീസ് സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതോടെ ലഭിച്ചത് വ്യാജ ബോംബ് ഭീഷണിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇതിന് പിറകിലെന്ന് കണ്ടെത്തിയത്. ലൊക്കേഷനും ഐ.പി അഡ്രസും മറച്ചുവെക്കാൻ വി.പി.എൻ സാ​ങ്കേതിക വിദ്യ ഉപയോഗിച്ച കാര്യം വിദ്യാർഥി സമ്മതിക്കുകയും ചെയ്തു. 

Tags:    
News Summary - Class 9 boy behind school bomb threat in Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.