അലപ്പോ: സിറിയയിൽ വീണ്ടും അശാന്തി വിതച്ച് ഔദ്യോഗിക സൈന്യവും പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് അനുകൂലികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് സംഘർഷം ആരംഭിച്ചതിനുശേഷം 200ലധികം പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ ബശ്ശാറുൽ അസദിൻ്റെ സർക്കാരിനെ അട്ടിമറിച്ചതിനുശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമായും തീരദേശപട്ടണങ്ങളായ ജബ്ലെയിലും ലതാകിയയിലുമാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. ഡിസംബർ ആദ്യം ഇസ്‍ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമതർ അസദിന്റെ സർക്കാറിനെ അട്ടിമറിച്ചിരുന്നു.
14 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സ്ഥാന ഭൃഷ്ടനാക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് റഷ്യയിലേക്ക് കടക്കുകയായിരുന്നു. ഗ്രാമങ്ങളിൽ നടന്ന പ്രതികാര ആക്രമണങ്ങളിൽ ഏകദേശം 140 പേർ കൊല്ലപ്പെട്ടു. പുറമേ 50 സിറിയൻ സർക്കാർ സേനാംഗങ്ങളും അസദിൻ്റെ വിശ്വസ്തരായ 45 പോരാളികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മുൻ സർക്കാരുമായി ബന്ധമുള്ള സായുധ സംഘടനകൾ ആയുധങ്ങൾ കൈമാറണമെന്നും സാധാരണക്കാരെ ആക്രമിക്കുകയോ തടവുകാരെ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്നും ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറ ആവശ്യപ്പെട്ടു.
തീരദേശ പട്ടണങ്ങൾ ഇപ്പോഴും അസദിന്റെ വിശ്വസ്തരുടെ നിയന്ത്രണത്തിലാണ്. ഡമാസ്കസ് ലതാകിയ, ടാർട്ടസ് എന്നീ തീരദേശ നഗരങ്ങളിലേക്കും അസദിന്റെ വംശമായ അലവി വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളിലേക്കും കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്. ലതാകിയയിലും മറ്റ് തീരദേശ പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.