അഭിജിത് ദീപ്കെ
'യുദ്ധക്കളത്തിലേക്ക് പോകുന്നതുപോലെ അമ്മ കരഞ്ഞു; പേടിച്ച് ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല'; സമരത്തിന് മുന്നോടിയായി അഭിജിത് ദീപ്കെയുടെ കുറിപ്പ്
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ഡൽഹി ജന്തർമന്തറിൽ നടക്കുന്ന മഹാപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോൾ അമ്മ പൊട്ടിക്കരഞ്ഞ അനുഭവം പങ്കുവെച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. വിമാനയാത്രയ്ക്കിടയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 'മിഡ്-ഫ്ലൈറ്റ് ഡയറീസ്' എന്ന വൈകാരിക കുറിപ്പിലാണ് പ്രക്ഷോഭകർ നേരിടുന്ന ഭീഷണികളെയും മാതാപിതാക്കളുടെ ആശങ്കകളെയും കുറിച്ച് അദ്ദേഹം തുറന്നെഴുതിയത്.
താൻ ഏതെങ്കിലും യുദ്ധഭൂമിയിലേക്ക് പോകുന്നതുപോലെയാണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ കരഞ്ഞതെന്ന് ദീപ്കെ കുറിച്ചു:
"ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കാണ് യാത്രയെന്നും ഒക്ടോബർ 10-ലെ സമരത്തിന് മുൻപ് ഞാൻ തിരികെ വരില്ലെന്നും അമ്മയ്ക്കറിയാം. അവരുടെ കണ്ണുകളിലെ ഭയം എനിക്ക് കാണാമായിരുന്നു. പതിവുപോലെ ഞാൻ കള്ളം പറഞ്ഞു; അനാവശ്യമായി പേടിക്കുകയാണെന്നും എല്ലാം ശുഭമായി അവസാനിക്കുമെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എനിക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാത്തപ്പോൾ അമ്മയ്ക്ക് വ്യാജ ഉറപ്പുകൾ നൽകി ഞാൻ മടുത്തു. മൂന്ന് മാസം മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ഒന്നും മിണ്ടാതെ നോക്കിനിന്ന അച്ഛന്റെ കണ്ണുകളിലെ നിശ്ശബ്ദതയും എന്നെ വേദനിപ്പിച്ചു."
— അഭിജിത് ദീപ്കെ കുറിച്ചു.
സമരരംഗത്തിറങ്ങുന്ന ഓരോ യുവാവിന്റെയും വീടുകളിൽ ഈ ആശങ്കയുണ്ടെന്നും അവരാരും തനിച്ചല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം മക്കൾ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ അവരുടെ ജീവനെക്കുറിച്ച് മാതാപിതാക്കൾ ഭയപ്പെടേണ്ടാത്ത ഒരു പുതിയ ഇന്ത്യയെയാണ് തങ്ങൾ സ്വപ്നം കാണുന്നതെന്നും മാതാപിതാക്കൾ തങ്ങളെ തടയരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമരക്കാരെ പൊലീസ് വേട്ടയാടുന്നു; 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഏകാധിപത്യ നീക്കമെന്ന് ആക്ഷേപം
ജന്തർമന്തർ സമരത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലും രാജസ്ഥാനിലും സി.ജെ.പി പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ദീപ്കെ ആരോപിച്ചു. ജന്തർമന്തറിലേക്ക് പോകരുതെന്നും യാത്രയ്ക്കുള്ള ഫണ്ട് എവിടെ നിന്നാണെന്നും പൊലീസ് ചോദിക്കുന്നു. സമരം അക്രമത്തിലേക്ക് നീങ്ങുമെന്ന് മുൻകൂട്ടി പറയാൻ പൊലീസ് വല്ല ഗൂഢാലോചനയും നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമാണെന്നും യഥാർത്ഥത്തിൽ രാജ്യത്തെ 'ഒരു രാജ്യം, ഒരൊറ്റ രാഷ്ട്രീയ പാർട്ടി' എന്ന ഏകാധിപത്യത്തിലേക്ക് തള്ളിവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡോ. ബി.ആർ. അംബേദ്കർ ജനങ്ങൾക്ക് ഉറപ്പുനൽകിയ വോട്ടവകാശം തട്ടിയെടുക്കാനാണ് ഈ നീക്കമെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഫഡ്‌നാവിസ് യോഗി 2.0 ആകാൻ ശ്രമിക്കുന്നു; ധൈര്യമുണ്ടെങ്കിൽ എന്നെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യ്'
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും ദീപ്കെ രൂക്ഷവിമർശനം ഉന്നയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 2.0 പതിപ്പാകാനാണ് ഫഡ്‌നാവിസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയുടെ പാരമ്പര്യം അദ്ദേഹം മറക്കരുത്. സ്കോട്ട്‌ലൻഡ് യാർഡിനോട് ഉപമിക്കപ്പെട്ടിരുന്ന മഹാരാഷ്ട്ര പൊലീസിനെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പാവപ്പെട്ട പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിന് പകരം എന്നെ അറസ്റ്റ് ചെയ്യൂ. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ യു.എ.പി.എയോ എൻ.എസ്.എയോ ചുമത്തി ജയിലിലടക്കൂ. ഞങ്ങൾ സംസാരിക്കുന്നത് ഗാന്ധിയെയും അംബേദ്കറെയുമാണ്; അത് അക്രമമാണോ?' ദീപ്കെ ചോദിച്ചു. മുംബൈയിൽ സമരം ചെയ്ത ആദിവാസി വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതിനെയും അദ്ദേഹം അപലപിച്ചു.
മൂന്ന് പ്രധാന ആവശ്യങ്ങൾ
ഗ്യാനേഷ് കുമാറിനെ മാറ്റുന്നില്ലെങ്കിൽ രാജ്യം മുഴുവൻ ജന്തർമന്തറായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ ദീപ്കെ, തങ്ങളുടെ മൂന്ന് സുപ്രധാന ആവശ്യങ്ങൾ അക്കമിട്ടു നിരത്തി:
1. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കുക.
2. വോട്ടർപട്ടിക തിരുത്തലിലെ ക്രമക്കേടുകൾ നിറഞ്ഞ എസ്.ഐ.ആർ അടിയന്തരമായി നിർത്തിവെക്കുക.
3. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഇഷ്ടത്തിനനുസരിച്ചാകാതെ സ്വതന്ത്രവും നിഷ്പക്ഷവുമായ സമിതി മുഖേന നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.