മുംബൈ: തുഷാർ ഗാന്ധിക്കെതിരെ കേരളത്തിൽ നടന്ന ബി.ജെ.പി-ആർ.എസ്.എസ് ആക്രമണത്തെ അപലപിച്ച് പൊതുപ്രവർത്തകർ. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഫാഷിസ്റ്റ് സ്വഭാവമാണ് ആക്രമണത്തിൽ കണ്ടതെന്ന് 'ഹം ഭാരത് കേ ലോഗ്' എന്ന പേരിലുള്ള കൂട്ടായ്മ ചൂണ്ടിക്കാട്ടി. ആനന്ദ് പട്‌വർധൻ, ഡോ. ജി.ജി പരീഖ്, മേധാ പട്കർ, പ്രഫ. ആനന്ദ് കുമാർ, പ്രഫ. രാംപുനിയാനി, ജാവേദ് ആനന്ദ്, ശ്യാം ദാദ ഗെയിക് വാദ്, അഡ്വ. പ്രശാന്ത് ഭൂഷൺ, ഡോ. സുനിലാം, പ്രഫ. സീനത്ത് ഷൗക്കത്ത് അലി, ഇർഫാൻ എൻജിനീയർ, ഫിറോസ് മിതിബോർവാല തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയിറക്കിയത്.
'ആർ.എസ്.എസും ബി.ജെ.പിയും അദ്ദേഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുമ്പോഴും ആക്രമണമുണ്ടായിട്ടും തുഷാർ ഗാന്ധി സാമുദായിക ഐക്യത്തിനായി പ്രതിജ്ഞാബദ്ധനായി നിലകൊള്ളുകയാണ്. ഞങ്ങൾ തുഷാർ ഗാന്ധിക്കൊപ്പം നിൽക്കുന്നു. അദ്ദേഹത്തിനെതിരായ ഏത് തരത്തിലുള്ള ഭീഷണിയെയും അക്രമത്തെയും അപലപിക്കുന്നു' -പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 12ന് നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിക്ക് നേരെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിനൊരുങ്ങിയത്. രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്.നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആർ.എസ്.എസ് മൂർദാബാദ് എന്നും വിളിച്ച് തുഷാർ ഗാന്ധി മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.