ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സേനാ നേതൃത്വം. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയും അച്ചടക്കലംഘനവുമാണെന്ന് സി.ഐ.എസ്.എഫ് ഹെഡ് ക്വാർട്ടേഴ്സ് വ്യക്തമാക്കി. സംഭവത്തിൽ ആരോപണവിധേയനായ ജവാനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.
എയിംസ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെയിൻ യാത്രക്കിടെ ജവാൻ തന്റെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ഇയാൾ ആദ്യം കുറ്റം നിഷേധിച്ചു. തുടർന്ന് യാത്രക്കാർ നിർബന്ധപൂർവം മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് ഗാലറിയിൽ നിന്ന് യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയത്.
ഇതോടെ മെട്രോയ്ക്കുള്ളിൽ വലിയ വാക്കുതർക്കവും സംഘർഷാവസ്ഥയുമുണ്ടായി. ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ട്രെയിനിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെച്ചു. ഇതിനിടെ പരിഭ്രാന്തി പരത്തിക്കൊണ്ട് ഉദ്യോഗസ്ഥൻ തോക്കെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടുകയായിരുന്നു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥനിൽ നിന്നുതന്നെ ഇത്തരമൊരു അതിക്രമമുണ്ടായത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ടത്. വിഷയത്തിൽ വിശദമായ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് കുറ്റക്കാരനെതിരെ മാതൃകാപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സി.ഐ.എസ്.എഫ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.