ന്യൂഡൽഹി: ഗൽവാനിലെ അതിർത്തി സംഘർഷം ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സർവകക്ഷി വിഡിയോ കോൺഫറൻസിൽ സർക്കാറിന് പ്രതിപക്ഷത്തിെൻറ കടുത്ത വിമർശനം. അതേസമയം, ദേശസുരക്ഷയുടെ കാര്യത്തിൽ സർക്കാറിന് പിന്നിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് സർവകക്ഷി യോഗം വ്യക്തമാക്കി. അതിർത്തി ജാഗ്രതയിൽ സർക്കാറിന് വീഴ്ച സംഭവിച്ചു. എന്താണ് നടക്കുന്നതെന്നതിൽ ഇത്രയും വൈകിയ ഘട്ടത്തിൽപോലും സർക്കാർ രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാജ്യതാൽപര്യം മുൻനിർത്തി സർക്കാറിന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുമെങ്കിലും പല ചോദ്യങ്ങളും പ്രസക്തമാണെന്ന് വിവിധ കക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിർത്തിയിൽ നേരത്തേയുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കുമെന്ന് സർക്കാർ ഉറപ്പുനൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തേക്ക് അവർ തിരിച്ചുപോകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഇനിയെന്ത്? മുന്നോട്ടുള്ള വഴി ഏത്? എന്നീ ചോദ്യങ്ങൾക്ക് രാജ്യം ഒന്നാകെ ഉത്തരം തേടുകയാണെന്ന് സോണിയ പറഞ്ഞു.
സർക്കാർ ഉത്തരം പറയേണ്ട സുപ്രധാന ചോദ്യങ്ങൾ പലതാണ്. ലഡാക്കിൽ ചൈനയുടെ തള്ളിക്കയറ്റം നടന്നത് ഏതു ദിവസമാണ്? സർക്കാർ കണ്ടെത്തിയത് എന്നാണ്? റിപ്പോർട്ടുകളിൽ കാണുന്നതുപോലെ മേയ് അഞ്ചിനാണോ? രാജ്യത്തിെൻറ അതിർത്തി സംബന്ധമായ ഉപഗ്രഹ ചിത്രങ്ങൾ പതിവായി സർക്കാറിന് കിട്ടാറില്ലേ? ഇൻറലിജൻസ് വീഴ്ച ഉണ്ടായതായി സർക്കാർ കരുതുന്നുണ്ടോ?
സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് നിരവധി ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായത്. മേയ് അഞ്ചു മുതലുള്ള ഒരുമാസം സർക്കാർ ഫലപ്രദമായി വിനിയോഗിച്ചില്ല. ലഡാക്കിലെ നിരവധി സ്ഥലങ്ങളിൽ ചൈനയുടെ തള്ളിക്കയറ്റം നടന്നതിനെക്കുറിച്ച് മേയ് അഞ്ചിന് സർക്കാറിന് വിവരം കിട്ടിയതാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു.
അതിർത്തി വിഷയത്തിൽ സുതാര്യത ഉണ്ടാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. പഞ്ചശീലതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ മുന്നോട്ടുകൊണ്ടു പോകണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അമേരിക്കയോടുള്ള അമിത ചായ്വ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ദേശഭക്തിയുടെ കാര്യത്തിൽ എല്ലാവരും ഐക്യത്തോടെയാണ് നിലകൊള്ളുന്നതെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എന്നിവർ പറഞ്ഞു.
ശരദ്പവാർ, ഉദ്ധവ് താക്കറെ, ചന്ദ്രശേഖര റാവു, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവരും സംസാരിച്ചു. ഇരുപതോളം പാർട്ടി നേതാക്കളാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രിക്കുപുറമെ, പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവർ സർക്കാറിനെ പ്രതിനിധാനംചെയ്തു.
അഞ്ച് എം.പിമാരുള്ള പാർട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ക്ഷണം ലഭിക്കാത്തതിൽ ആർ.ജെ.ഡി, ആം ആദ്മി പാർട്ടി എന്നിവർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.