ദക്ഷിണ ചൈനക്കടല്‍ തര്‍ക്കം: ജപ്പാന്‍െറ സഹായം തേടിയാല്‍ ഇന്ത്യക്ക് വന്‍ നഷ്ടമുണ്ടാകുമെന്ന് ചൈനീസ് മാധ്യമം

ബെയ്ജിങ്: ദക്ഷിണ ചൈനക്കടല്‍ തര്‍ക്കത്തില്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി ചൈനയെക്കൊണ്ട് അംഗീകരിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യ ജപ്പാന്‍െറ സഹായം തേടിയാല്‍ ഇന്ത്യക്ക് വന്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് ചൈനീസ് മാധ്യമത്തിന്‍െറ മുന്നറിയിപ്പ്. ജപ്പാനുമായി ഈ വിഷയത്തില്‍ സഹകരിക്കാനുള്ള നീക്കം ചൈനയില്‍നിന്നുള്ള വ്യവസായ- വാണിജ്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒൗദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ളോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ദക്ഷിണ ചൈനക്കടല്‍ തര്‍ക്കത്തില്‍ ചൈനയുടെ അവകാശവാദം തള്ളിക്കളഞ്ഞ ട്രൈബ്യൂണല്‍, വ്യാപാരബന്ധത്തിലടക്കം ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്.
ട്രൈബ്യൂണല്‍ വിധി അംഗീകരിക്കണമെന്ന്  ചൈനയോട് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലേഖനം.

ജപ്പാന്‍ വഴി ചൈനയെ പാട്ടിലാക്കാനുള്ള ഇന്ത്യയുടെ നീക്കം നടക്കില്ളെന്ന് ലേഖനം പറയുന്നു. ഇത് ഇന്ത്യയെക്കുറിച്ച് ചൈനക്കുള്ള അവിശ്വാസം ദൃഢപ്പെടുത്തുകയേ ഉള്ളൂ. സിംഗപ്പുരുമായി ചേര്‍ന്ന് ഇന്ത്യ നടത്തിയ സമാന നീക്കം പൊളിഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യക്കുള്ള നിയമസാധുത ഇതോടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

ചൈനക്കെതിരെ തീവ്ര നിലപാട് സ്വീകരിച്ചിരുന്ന ഫിലിപ്പൈന്‍സും ഇപ്പോള്‍ ചൈനക്ക് അനുകൂലമാണെന്ന് ലേഖനം പറയുന്നു.ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള യോഗ്യത നേടിയിട്ടില്ളെന്ന് ഇന്ത്യ മനസ്സിലാക്കണം. അന്താരാഷ്ട്ര താല്‍പര്യമനുസരിച്ചാണ് ചൈന ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

തങ്ങളേക്കാള്‍ ശക്തരായ അയല്‍പക്കവുമായുള്ള ബന്ധത്തെ സങ്കീര്‍ണമാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ലേഖനം പറയുന്നു.
ഇന്ത്യയുമായി സൈനികേതര ആണവബന്ധം സ്ഥാപിക്കാനുള്ള ജപ്പാന്‍െറ നീക്കത്തെ മറ്റൊരു ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ആണവ സാങ്കേതികവിദ്യ വില്‍ക്കാനുള്ള നീക്കം ആണവായുധമുക്ത ലോകം എന്ന ജപ്പാന്‍െറ ലക്ഷ്യത്തിന് കളങ്കമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.