ഇന്ത്യക്ക് പുതിയ തലവേദന; അരുണാചലിനടുത്ത് 36 ഹാർഡ്‌ എയർക്രാഫ്റ്റ് ഷെൽട്ടറുകളുടെ നിർമാണം പൂർത്തിയാക്കി ചൈന

ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണിയായി അരുണാചൽ പ്രദേശിലെ തന്ത്രപ്രധാനമായ തവാങ് പട്ടണത്തിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ അകലെയുള്ള ലുൻസെയിൽ 36 ഹാർഡ്‌ എയർക്രാഫ്റ്റ് ഷെൽട്ടറുകളുടെ നിർമാണം പൂർത്തിയാക്കി ചൈന.

അരുണാചൽ പ്രദേശ് മേഖലയിലെ ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള അതിർത്തിയായ മക്മഹോൺ രേഖയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുള്ള തിബറ്റിലെ ലുൻസെ വ്യോമതാവളത്തിൽ 36 ഹാർഡ്‌വെഡ് എയർക്രാഫ്റ്റ് ഷെൽട്ടറുകൾ, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, പുതിയ ഏപ്രൺ എന്നിവയുടെ നിർമാണമാണ് ചൈന പൂർത്തിയാക്കിയത്.

അരുണാചൽ പ്രദേശിലെ തന്ത്രപ്രധാനമായ തവാങ് പട്ടണത്തിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ അകലെയുള്ള ലുൻസെയിൽ പുതിയ കരുത്തുറ്റ ഷെൽട്ടറുകളുടെ നിർമാണം ചൈനക്ക് യുദ്ധവിമാനങ്ങളും നിരവധി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കാനുള്ള അവസരമാണ് നൽകുന്നത്. തിബറ്റിലെ സ്വന്തം വ്യോമതാവളങ്ങളിൽ ചൈന ശക്തമായ വിമാന ഷെൽട്ടറുകൾ നിർമിക്കാൻ തുടങ്ങുന്ന ദിവസം അവർ ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുമെന്ന് മുമ്പ് താൻ പ്രവചിച്ചിരുന്നതായി മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ എൻ.ഡി.ടി.വിയോട് പറഞ്ഞു.

വിമാന ഷെൽട്ടറുകൾ നിർമിക്കുന്നതോടെ തിബറ്റിലെ ചൈനയുടെ ദുർബലത ഇല്ലാതാകം. ചൈനയുടെ ഇപ്പോഴത്തെ നടപടി ഇന്ത്യക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് വ്യോമസേന മുൻ ഉപമേധാവി എയർ മാർഷൽ അനിൽ ഖോസ്ലയും വ്യക്തമാക്കി.

ലുൻസെയിലെ നവീകരണങ്ങൾ​ പ്രാദേശിക സുരക്ഷക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുന്നത് മുന്നിൽകണ്ടു കൂടിയാണ് ഈ ഷെൽട്ടറുകൾ നിർമിച്ചിരിക്കുന്നത്. അതിനാൽ വ്യോമതാവളം തകർക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും എയർ മാർഷൽ ഖോസ്ല ചൂണ്ടിക്കാട്ടി.

ടിങ്രി, ലുൻസെ, ബുറാങ് തുടങ്ങിയ വ്യോമതാവളങ്ങൾ യഥാർത്ഥ നിയന്ത്രണ രേഖക്ക് 50-150 കിലോമീറ്ററിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. അതിർത്തിയിൽ സംഘർഷമുണ്ടായാൽ വ്യോമസേനയുടെ സൈനികരെ വേഗത്തിൽ വിന്യസിക്കാനും പെട്ടെന്ന് പ്രതികരിക്കാനും ഇത് സഹായിക്കുന്നു. ഇത്തരം കരുത്തുറ്റ വിമാന ഷെൽട്ടറുകൾ നിർമിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വ്യോമസേനയുടെ മുൻ ഉപമേധാവി കൂടിയായ എയർ മാർഷൽ എസ്.പി. ധാർക്കറും വിലയിരുത്തി.

ലുൻസെയിലെ ടാർമാക്കിൽ സി.എച്ച്-4 ഡ്രോണുകളുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. ഉയരങ്ങളിലെ ദൗത്യങ്ങൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന സി.എച്ച്-4 ഡ്രോണിന് 16,000 അടിക്ക് മുകളിൽ ഉയരത്തിൽ നിന്ന് ഹ്രസ്വ ദൂര എയർ ടു സർഫസ് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയും.  

Tags:    
News Summary - China completed the construction 36 Hardened Aircraft Shelters Near Arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.