ചെന്നൈ: യന്ത്ര തകരാരിനെ തുടർന്ന് റോളർകോസ്റ്റർ 50 അടി ഉയരത്തിൽ കുടുങ്ങി. എട്ട് കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടെ 30 പേർ മൂന്ന് മണിക്കൂറോളമാണ് യന്ത്രത്തിൽ കുടുങ്ങിയത്. ചെന്നൈയിലെ ഇഞ്ചമ്പാക്കത്തെ അമ്മ്യൂസ്മെന്‍റ് പാർക്കിൽ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ യന്ത്രം നിൽക്കുകയായിരുന്നുവെന്ന് പാർക്കിലുള്ളവരും റോളർകോസ്റ്ററിൽ കുടുങ്ങിയവരും പറഞ്ഞു.
റൈഡ് മുകളിലെത്തിയ ഉടൻ യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും താഴെയുണ്ടായിരുന്ന ഓപ്പറേറ്ററിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് റൈഡിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് ജനങ്ങളെ താഴെയിറക്കാൻ പാർക്കിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും ഉയരം കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. പിന്നീട് സ്കൈ-ലിഫ്റ്റ് ഉപയോഗിച്ച് ഗിണ്ടിയിൽ നിന്നുള്ള രക്ഷാദൗത്യ സംഘത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രി 8.30 ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സാങ്കേതിക തകരാറുകൾ അവഗണിച്ച് റോളർ കോസ്റ്റർ പ്രവർത്തിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.