ന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതം പ്രതിപക്ഷം ആയുധമാക്കുന്നത് തടയാൻ പ്രചാരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. മോശമായ പ്രതിഛായ മിനുക്കിയെടുക്കാൻ രണ്ടാം മോദി സർക്കാറിെൻറ ഒന്നാം വാർഷികം ഉപയോഗിക്കാനാണ് നീക്കമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
അന്തർസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്കായി കേന്ദ്രസർക്കാറിെൻറ ക്ഷേമ നടപടികൾ ഉൾകൊള്ളിച്ച് ബുക്ക്ലെറ്റ് തയാറാക്കാനും ഇത് വിപുലമായി പ്രചരിപ്പിക്കാനുമാണ് ആസൂത്രണം ചെയ്യുന്നത്. ദരിദ്രർ, സ്ത്രീകൾ, കർഷകർ, യുവാക്കൾ തുടങ്ങിയവർക്കായി ഒാരോ മന്ത്രാലയത്തിന് കീഴിലും നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകമായി വിവരിക്കുന്ന രൂപത്തിലാണ് ബുക്ക്ലെറ്റ് തയാറാക്കുന്നത്.
മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിൽ നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് ദുരിതത്തിലായത്. തൊഴിൽ ഇല്ലാതായതോടെ ഭക്ഷണത്തിനടക്കം ബുദ്ധിമുട്ടുന്ന അവസ്ഥയിലായി തൊഴിലാളികൾ. നൂറു കണക്കിന് കിലോമീറ്റർ നടന്നിട്ടെങ്കിലും നാട്ടിലെത്തണം എന്നാഗ്രഹിച്ച് സ്ത്രീകളും കുട്ടികളും അടക്കം യാത്ര തുടങ്ങിയത് സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇങ്ങനെ നടക്കാൻ തുടങ്ങിയ നിരവധി പേരാണ് വഴിയിൽ മരണത്തിന് കീഴടങ്ങിയത്.
ഒടുവിൽ, അന്തർസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ ട്രെയിൻ അനുവദിച്ചെങ്കിലും യാത്രക്കൂലിയെ ചൊല്ലിയുള്ള വിവാദവും സർക്കാറിന് തിരിച്ചടിയായി. തൊഴിൽ നഷ്ടപ്പെട്ടതിനാൽ നാടണയാൻ ശ്രമിക്കുന്ന തൊഴിലാളികളിൽ നിന്ന് ട്രെയിൻ ചാർജ് ഈടാക്കാനുള്ള തീരുമാനമാണ് സർക്കാറിന് വിനയായത്. തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് തങ്ങൾ നൽകാമെന്ന് പ്രഖ്യാപിച്ച് കർണാടക കോൺഗ്രസ് തുടക്കമിട്ട പ്രതിഷേധം രാജ്യത്താകെയുള്ള കോൺഗ്രസ് പാർട്ടി ഏറ്റെടുത്തത് വലിയ പ്രതിഛായ നഷ്ടമാണ് കേന്ദ്ര സർക്കാറിനുണ്ടാക്കിയത്.
അന്തർ സംസ്ഥാന തൊഴിലാളികളുടെയും മറ്റു ചെറിയ വരുമാനക്കാരുടെയും ദുരിതം കേന്ദ്രസർക്കാറിനെതിരായ ജനവികാരമായി വളർന്ന് വരുന്നത് തടയാൻ കഴിയുന്ന വിധത്തിലുള്ള പ്രചാരണത്തിനാണ് ഒരുങ്ങുന്നത്്. രണ്ടാം മോദി സർക്കാറിെൻറ ഒന്നാം വാർഷികം ഇതിന് മറയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.