ന്യൂഡൽഹി: രാജ്യത്തെ 81.35 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം അഞ്ചു കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തേക്കുകൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയാണിത്. ഖജനാവിൽനിന്ന് പദ്ധതിക്കായി 11.80 ലക്ഷം കോടി രൂപ നീക്കിവെക്കും. കോവിഡ് ലോക്ഡൗൺ കാലത്താണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്.
വാണിജ്യ വിളകൾക്ക് മരുന്നു തളിക്കാനും വളമിടാനും മറ്റുമായി അടുത്ത രണ്ടു സാമ്പത്തിക വർഷ കാലയളവിൽ 15,000 വനിത സ്വയംസഹായ സംഘങ്ങൾക്ക് 1261 കോടി രൂപ ചെലവിൽ ഡ്രോൺ നൽകുന്നതിനുള്ള കേന്ദ്ര പദ്ധതിയും മന്ത്രിസഭ യോഗം അംഗീകരിച്ചു.
രാജ്യത്ത് 89 ലക്ഷത്തോളം വനിത സ്വയംസഹായ സംഘങ്ങളുണ്ട്. ചെലവിന്റെ 80 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും വഹിക്കും. ഒരു ഡ്രോണിന് ശരാശരി 10 ലക്ഷം രൂപയാണ് ചെലവ്. പൈലറ്റിന് 15,000 രൂപയും സഹ പൈലറ്റിന് 10,000 രൂപയും സർക്കാർ പ്രതിഫലം നൽകും. 1000 ഹെക്ടർ വിസ്തൃതി വരത്തക്കവിധം 15ഓളം ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഡ്രോൺ നൽകുകയാണ് ചെയ്യുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളുമായി നികുതി വരുമാനം പങ്കിടുന്നതിന് പുതിയ അനുപാതം നിർദേശിക്കുന്ന 16ാം ധനകമീഷന്റെ പരിഗണന വിഷയങ്ങൾ കേന്ദ്രസർക്കാർ നിശ്ചയിച്ചു.
2026 ഏപ്രിൽ ഒന്നു മുതൽ അഞ്ചു വർഷത്തേക്കുള്ള അനുപാതമാണ് 16ാം ധനകമീഷൻ നിർദേശിക്കുന്നത്. 2025 ഒക്ടോബർ 31ന് ശിപാർശ രാഷ്ട്രപതിക്ക് കൈമാറും. ദുരന്തകാര്യ നിർവഹണ ധനസഹായ മാനദണ്ഡങ്ങളും കമീഷൻ അവലോകനം ചെയ്യും.
പുതിയ ധനകമീഷൻ അധ്യക്ഷനെയും അംഗങ്ങളെയും വൈകാതെ പ്രഖ്യാപിക്കും. പരിഗണന വിഷയങ്ങളും ഇതിനൊപ്പം പരസ്യപ്പെടുത്തും. 103 ലക്ഷം കോടി രൂപ വരുന്ന, പങ്കിടാവുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നാണ് എൻ.കെ. സിങ് അധ്യക്ഷനായ 15ാം ധനകമീഷൻ ശിപാർശ ചെയ്തത്. ഈ അനുപാതത്തിന്റെ കാലാവധി 2026 മാർച്ച് 31 വരെയാണ്. ഇതേ അനുപാതം തന്നെയാണ് 14ാം ധനകമീഷനും നിർദേശിച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിവേഗ വിചാരണക്ക് രൂപവത്കരിച്ച പ്രത്യേക കോടതികൾ അടുത്ത മൂന്നു വർഷത്തേക്കുകൂടി തുടരുന്നതിനും കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗ കേസിനെ തുടർന്ന് 1023 അതിവേഗ കോടതികൾ തുടങ്ങാനായിരുന്നു അനുമതി. എന്നാൽ 754 കോടതികൾ മാത്രമാണ് പ്രവർത്തനക്ഷമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.