വില നിയന്ത്രിക്കാൻ സവാള സംഭരണം 15 മുതൽ; ലക്ഷ്യം രണ്ട് ലക്ഷം ടൺ

ന്യൂഡൽഹി: സവാള വില കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രിക്കുന്നതിന് ബഫർ സ്റ്റോക്ക് ശേഖരിക്കുന്നതിനായി മെയ് 15 മുതൽ സവാള സംഭരണം ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വെളളിയാഴ്ച മുതൽ സംഭരണം ആരംഭിക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' വ്യക്തമാക്കി. ഈ വർഷം 2 ലക്ഷം ടൺ സവാള സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നിധി ഖാരെ പറഞ്ഞു. സവാള സൂക്ഷിച്ചുവെക്കാനുള്ള ചുമതല സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനാണ് നൽകിയിരിക്കുന്നത്. നാഷണൽ അഗ്രിക്കൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ രണ്ട് സഹകരണ സ്ഥാപനങ്ങൾ വഴിയാണ് സംഭരണം നടക്കുക. ആകെ ലക്ഷ്യമിടുന്ന 2 ലക്ഷം ടണ്ണിൽ, രണ്ട് ഏജൻസികളും ഓരോ ലക്ഷം ടൺ വീതം സംഭരിക്കും.

കർഷകരുടെ രജിസ്‌ട്രേഷനും പണമിടപാടുകളും അതാത് ഏജൻസികളുടെ ഇ-സമൃദ്ധി, ഇ-സംയുക്തി പോർട്ടലുകൾ വഴി നടക്കും. കർഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന രീതിയിൽ ഏകദേശം 20 ഗോഡൗണുകൾ സി.ഡബ്ല്യു.സി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത ഗുണനിലവാരമുള്ളതോ 'ഗ്രേഡ്-എ'  വിഭാഗത്തിൽപ്പെട്ടതോ ആയ സവാളകൾ മാത്രമേ സംഭരണ ഏജൻസികൾ സ്വീകരിക്കുകയുള്ളൂ. ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സവാള സ്വീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും.

സംസ്ഥാനത്തെ പ്രധാന വിപണികളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നിലനിന്നിരുന്ന ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് കുറഞ്ഞ സംഭരണ വില  നിശ്ചയിക്കുന്നത്. വിപണിയിലെ നിലവിലെ ശരാശരി വിലയേക്കാൾ മെച്ചപ്പെട്ട വില കർഷകർക്ക് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ആറ് മാസം വരെ കേടുകൂടാതെയിരിക്കുന്ന ഗ്രേഡ്-എ സവാളകളുടെ കുറഞ്ഞ റിക്കവറി നിരക്ക് 72 ശതമാനമായി നിശ്ചയിച്ചു. സി.ഡബ്ല്യു.സി ആദ്യമായാണ് സവാള സംഭരിക്കുന്നതെന്ന കാര്യം പരിഗണിച്ചാണ് ഈ തീരുമാനം. വിപണിയിൽ സവാള വില കുത്തനെ ഇടിയുന്നത് തടയാനും ഭാവിയിൽ വിലക്കയറ്റം ഉണ്ടായാൽ വിപണിയിൽ ഇടപെടാനുമാണ് കേന്ദ്ര സർക്കാർ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - central government to start onion procurement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.