ക്ലീൻ ചിറ്റ് കിട്ടിയതിൽ സന്തോഷം -ബാങ്ക് ലോക്കറുകൾ സി.ബി.ഐ പരിശോധിച്ചതിനു പിന്നാലെ പ്രതികരണവുമായി മനീഷ് സിസോദിയ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബാങ്ക് ലോക്കറുകൾ സി.ബി.ഐ പരിശോധിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തന്‍റെ ബാങ്ക് ലോക്കറിൽനിന്ന് സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായില്ലെന്നും തനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നാലംഗ സംഘം ഗാസിയാബാദിലെ വസുന്ധരയിലുള്ള പഞ്ചാബ് നാഷൽ ബാങ്ക് ബ്രാഞ്ചിൽ ചെവ്വാഴ്ച രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ സമയത്ത് സിസോദിയയും ഭാര്യയും ബാങ്കിൽ ഉണ്ടായിരുന്നു.

'വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഒന്നും കിട്ടാത്തതുപോലെ ഇന്നത്തെ റെയ്ഡിലും സി.ബി.ഐക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എനിക്ക് ക്ലീൻ ചിറ്റ് കിട്ടിയതിൽ സന്തോഷമുണ്ട്. സി.ബി.ഐ ഓഫീസർമാർ നല്ലരീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളും അവരോട് സഹകരിച്ചു. സത്യം ജയിച്ചു' -സിസോദിയ പറഞ്ഞു. എന്നാൽ മുകളിൽ നിന്നും ഉത്തരവുള്ളതിനാൽ അവർ തന്നെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും സിസോദിയ അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് 19നാണ് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഡൽഹിയിലെ പുതിയ മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്. അയോഗ്യരായ നിരവധി പേർക്ക് കൈക്കൂലി വാങ്ങി മദ്യവിൽപന ലൈസൻസ് നൽകിയെന്നാണ് സിസോദിയക്കെതിരായ കേസ്.

Tags:    
News Summary - CBI found nothing in my bank locker, says Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.