ന്യൂഡൽഹി: ആദായനികുതി നോട്ടീസ് തീർപ്പാക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇന്ത്യൻ റവന്യൂ സർവിസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ ഡോ. അമിത് കുമാർ സിംഗാളിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ ടാക്സ് പേയർ സർവിസസ് ഡയറക്ടറേറ്റിൽ അഡീഷനൽ ഡയറക്ടർ ജനറലായിരുന്നു സിംഗാൾ. ഇയാളുടെ സഹായിയും ബിസിനസുകാരനുമായ ഹർഷ് കൊട്ടക് എന്നയാളും പിടിയിലായതായി സി.ബി.ഐ അറിയിച്ചു.
തുടർച്ചയായി ആദായ നികുതി നോട്ടീസയച്ച് ഭീഷണിപ്പെടുത്തുകയാണെന്നുകാണിച്ച് ലാ പിനോസ് എന്ന ഭക്ഷ്യവിതരണ കമ്പനി ഉടമയായ സനം കപൂറാണ് സി.ബി.ഐക്ക് പരാതി നൽകിയത്. 2017ൽ കപൂർ, ഹർഷ് കൊട്ടക്കുമായി ഫ്രാഞ്ചൈസി കരാറിൽ ഏർപ്പെട്ടിരുന്നു. ഫ്രാഞ്ചൈസി കരാർ നിലനിൽക്കെ വ്യവസ്ഥകൾ ലംഘിച്ച് കൊട്ടക് പുറമെ നിന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതായി കപൂർ കണ്ടെത്തിയിരുന്നു. തുടർന്ന്, ഫ്രാഞ്ചൈസി കരാർ റദ്ദുചെയ്യാൻ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, ഇത് പണം നൽകി തിരിച്ചുവാങ്ങണമെന്ന നിലപാടിലായിരുന്നു കൊട്ടക്. യഥാർഥ കരാർ തുകയായ 25 ലക്ഷം രൂപയുടെ സ്ഥാനത്ത് 1.6 കോടിയാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ, കപൂറിന് തുടർച്ചയായി ആദായ നികുതി നോട്ടീസുകളും ലഭിക്കാൻ തുടങ്ങി. നികുതി ബാധ്യത ഒഴിവാക്കാൻ 45 ലക്ഷം രൂപ സിംഗാൾ ആവശ്യപ്പെട്ടതിന് പിന്നാലെ കപൂർ സി.ബി.ഐക്ക് പരാതി നൽകുകയായിരുന്നു.
ഹർഷ് കൊട്ടക്കും ആദായ നികുതി ഉദ്യോഗസ്ഥനായ അമിത് കുമാർ സിംഗാളിന്റെ മാതാവും ബിസിനസ് പങ്കാളികളാണെന്ന് കപൂർ പരാതിയിൽ പറയുന്നു. മേയ് 30 ന്, ചണ്ഡിഗഢിൽ കപൂറിനെ കണ്ട കൊട്ടക് ഇയാളെ സിംഗാളിന്റെ മൊഹാലിയിലെ വസതിയിലേക്ക് വിളിപ്പിച്ചു. കപൂറിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങുന്നതിനിടെ സി.ബി.ഐ കൊട്ടക്കിനെ അറസ്റ്റ് ചെയ്തു. പിന്നാലെ, ഡൽഹിയിലെ വസതിയിൽനിന്ന് സിംഗാളിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് 2.5 കിലോ സ്വർണാഭരണങ്ങളും 30 ലക്ഷം രൂപയും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.