ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ മോശമായ ഭക്ഷണം നൽകിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് ബ്ലാക്മെയിൽ ചെയ്തുവെന്ന വാർത്ത വ്യാജമാണെന്ന് കണ്ടെത്തി പൊലീസ്.
ബംഗളൂരുവിൽ നിന്ന് ജൂൺ 24ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത നിഖിൽ എൻ. ആണ് പരാതിക്കാരൻ എന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ബംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് കഫേ പ്രവർത്തിക്കുന്നത്. ജൂലൈ 24ന് രാവിലെ 7.42ന് ഭക്ഷണം കഴിക്കാനായി നിഖിലും സുഹൃത്തുക്കളും കഫേയിലെത്തി. വെൺ പൊങ്കലും ഫിൽട്ടർ കോഫിയുമാണ് അവർ ഓർഡർ ചെയ്തത്. എന്നാൽ ഭക്ഷണം കിട്ടിയപ്പോൾ അതിൽ പുഴുവിനെ കണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഭക്ഷണസാധനങ്ങൾ മാറ്റിത്തരാമെന്ന് അവർ ഉറപ്പുനൽകി.
എന്നാൽ വിമാനം പുറപ്പെടാനുള്ള സമയം അടുത്തതിനാൽ നിഖിൽ അത് വേണ്ടെന്ന് പറയുകയായിരുന്നു. അന്ന് കഫേയിലുണ്ടായിരുന്ന ഒരുപാടുപേർ ഭക്ഷണത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയിരുന്നു. മോശം ഭക്ഷണം നൽകിയെങ്കിലും ഒരു പ്രശ്നവും ഉണ്ടാക്കാതെ കഫേയിൽ നിന്നിറങ്ങി വിമാനത്തിൽ ഗുവാഹത്തിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു താനെന്നും നിഖിൽ പറഞ്ഞു.
കഫേയുടെ ബ്രാൻഡ് മൂല്യം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്നെ വാർത്തകളാണ് പിറ്റേദിവസം നിഖിൽ കണ്ടത്. നിഖിൽ കഫേയിലെ റെപ്രസെന്റേറ്റീവായ സുമന്ത് ബി.എൽ എന്നയാളെ ഭീഷണിപ്പെടുത്തി എന്നായിരുന്നു മാധ്യമ വാർത്തകൾ.
എന്നാൽ നഷ്ടപരിഹാരമോ എന്തിന് ഓർഡർ ചെയ്ത ഭക്ഷണം മോശമായിട്ടും അതിന്റെ റീഫണ്ട് പോലും വാങ്ങാതെയാണ് താൻ അന്ന് കഫേ വിട്ടതെന്നും നിഖിൽ വ്യക്തമാക്കി. രാവിലെ 10.27ന് പരാതി നൽകി എന്നാണ് പറയുന്നത്. ആ സമയത്ത് താൻ വിമാനത്തിലായിരുന്നുവെന്നും ബോഡിങ് പാസുകളും മറ്റ് യാത്ര രേഖകളും അത് തെളിയിക്കുമെന്നും നിഖിൽ വ്യക്തമാക്കി. കഫേയുടെ പരാതിയിൽ പരാമർശിച്ചിരിക്കുന്ന ഫോൺ നമ്പറുകളുമായി താൻ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും നിഖിൽ വ്യക്തമാക്കുകയും ചെയ്തു.
അന്വേഷണത്തിൽ നിഖിലും സുഹൃത്തുക്കളും പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ നടത്തിയതിന് തെളിവില്ലെന്ന് പൊലീസ് കണ്ടെത്തി. അതിനു പിന്നാലെ ഭക്ഷ്യസുരക്ഷ ലംഘനത്തെ കുറിച്ചും പണം തട്ടിയെന്ന വ്യാജ കേസിനെയും കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് നിഖിൽ എതിർ പരാതി നൽകി. കഫേയിലെ സി.സി.ടി.വി ദൃശ്യങ്ങൾ, വിമാന യാത്രാ രേഖകൾ, കഫേയിലെ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന കോൾ വിശദാംശങ്ങൾ എന്നിവ സഹിതമായിരുന്നു നിഖിലിന്റെ പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 29ന് പൊലീസ് കഫേ ഉടമകളായ രാഘവേന്ദ്ര റാവുവിനും ദിവ്യ രാഘവേന്ദ്ര റാവുവിനും സീനിയർ എക്സിക്യുട്ടീവ് സുമന്ത് ലഷ്മി നാരായണനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 61 (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 123 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ വിഷം നൽകി പരിക്കേൽപ്പിക്കൽ മുതലായവ), സെക്ഷൻ 217 (ഒരു പൊതുപ്രവർത്തകനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകൽ), സെക്ഷൻ 228, 229 (തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കലും നൽകലും), സെക്ഷൻ 274, 275 (ദോഷകരമായ ഭക്ഷണത്തിൽ മായം ചേർക്കലും വിൽപ്പനയും) എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ഏറ്റവും വൃത്തിഹീനമായ ഭക്ഷണം നൽകി തന്റെ ജീവൻ തന്നെ ഭീഷണിയിലാക്കിയെന്നും കഫേയുടമകളുടെ എതിർ പരാതി തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തിയെന്നും കാണിച്ചായിരുന്നു നിഖിലിന്റെ പരാതി. പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.